മൂന്നാം നിലയിൽനിന്ന് രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക്, പുറത്തിറങ്ങി ലിഫ്റ്റ് അടിച്ചു: ‘ഷൈൻ എസ്കേപ്’ ഇങ്ങനെ– ഗ്രാഫിക്സ്

Mail This Article
കൊച്ചി ∙ ലഹരി പരിശോധനയ്ക്ക് കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെത്തിയ പൊലീസ് ഡാൻസാഫ് സംഘത്തിന്റെ കയ്യിൽനിന്ന് നടൻ ഷൈൻ ടോം ചാക്കോ രക്ഷപ്പെട്ടത് സിനിമയെ വെല്ലുന്ന നീക്കങ്ങളിലൂടെ. ഹോട്ടലിന്റെ റിസപ്ഷനിൽ എത്തിയ പൊലീസ് സംഘം ഷൈൻ ടോം ചാക്കോ താമസിക്കുന്ന മുറി ഏതാണെന്ന് അന്വേഷിച്ചു.






തുടർന്ന് 314–ാം നമ്പർ മുറി ലക്ഷ്യമാക്കി പൊലീസ് എത്തുമ്പോഴേക്കും ഷൈൻ മുറിയുടെ ജനാലവഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി രക്ഷപ്പെടാൻ നീക്കം നടത്തിയിരുന്നു. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി.
പിന്നാലെ അവിടെനിന്നു നീന്തൽ കുളത്തിലേക്ക് എത്തിയ ഷൈൻ, പടിക്കെട്ടുകളിലൂടെ ഓടിയാണ് റിസപ്ഷന്റെ ഭാഗത്തേക്ക് എത്തിയത്. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈൻ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഇത്രയും സാഹസപ്പെട്ട് ഷൈൻ രക്ഷപ്പെടണമെങ്കിൽ അദ്ദേഹത്തിന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ അനുമാനം. ഷൈനിനൊപ്പം മുറിയിലുണ്ടായ ആളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പൊലീസെത്തിയ വിവരം ഷൈനിന് ചോർന്നു കിട്ടിയോ എന്നു പൊലീസിനു സംശയമുണ്ട്. ഷൈനിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.