‘മരിക്കുന്നതിനു മുൻപ് ആ വീട്ടിൽ എന്തോ സംഭവിച്ചു; ജിസ്മോളുടെ ശരീരത്തിൽ മർദിച്ച പാട് കണ്ടു’

Mail This Article
കോട്ടയം ∙ അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ യുവതിയെയും മക്കളെയും മീനച്ചിലാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മകളുടെയും കുട്ടികളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും മക്കൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെ പോകുമെന്നും ജിസ്മോളുടെ പിതാവ് തോമസ് പറഞ്ഞു. ജിസ്മോളുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുൻപ് ഒരിക്കൽ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുവെന്നും സഹോദരൻ ജിറ്റു പറഞ്ഞു.
മകൾ ആത്മഹത്യ ചെയ്യില്ല. നിയമപരമായി ഏതറ്റം വരെയും പോകുമെന്നും തോമസ് പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്‌മോളെ മാനസികയായി ബുദ്ധിമുട്ടിച്ചിരുന്നു. മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം. ജിസ്‌മോൾക്ക് ആവശ്യമുള്ള പണമൊന്നും അവർ കൊടുത്തിരുന്നില്ല. ഭർത്താവിന്റെ കുടുംബമാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ടത്. ഭർത്താവിന്റെ വീട്ടിൽ നിന്നും ശാരീരികമായും മാനസികമായും ജിസ്മോൾ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. ജിസ്മോളെ മർദിച്ച പാട് ശരീരത്തിൽ താൻ കണ്ടിട്ടുണ്ടെന്നും പിതാവ് വെളിപ്പെടുത്തി.

മക്കളായ അഞ്ചു വയസ്സുകാരി നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടിയാണ് നീറിക്കാട് സ്വദേശി ജിസ്മോൾ ജീവനൊടുക്കിയത്. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമനുസരിച്ച് മൂന്ന് പേരുടെയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ്മോളുടെ നടുവിനു മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ടു പേരുടെയും ശരീരത്തിൽ അണുനാശിനിയുടെ അംശവും കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുൻപ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.