ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂര്‍ത്തിനാണ് കേരള സര്‍ക്കാര്‍ തയാറെടുക്കുന്നതെന്ന് രമേശ് ചെന്നിത്തല. പരസ്യത്തിനു വേണ്ടി മാത്രം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് 26 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വന്‍ കടക്കെണിയില്‍ ഉരുകുമ്പോള്‍ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മിസ്റ്റർ ചീഫ് മിനിസ്റ്റർ, എത്ര കോടി ചെലവിട്ടാലും ഭരണപരാജയത്തിന്റെ ദുർഗന്ധം മറയ്ക്കാനാവില്ല. 

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂര്‍ത്തിനു കേരള സര്‍ക്കാര്‍ തയാറെടുക്കുന്നു. പരസ്യത്തിനു വേണ്ടി മാത്രം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനു 26 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വന്‍ കടക്കെണിയില്‍ ഉരുകുമ്പോള്‍ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത്. 

നാലാം വര്‍ഷിക പരിപാടിയുടെ ഭാഗമായി എന്റെ കേരളം 2025 പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കുന്നതിന് 20.715 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2025-26) 2220-60-106-93 ഔട്ട്‌ഡോര്‍ പബ്‌ളിസിറ്റി പ്‌ളാന്‍ എന്ന ശീര്‍ഷകത്തില്‍ അനുവദിച്ചത്. 500 ഹോര്‍ഡിങ്ങുകളില്‍ പരസ്യം നല്‍കാന്‍ ഇതില്‍ 15.63 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. ഡിസൈന്‍ ചെയ്യുന്നതിനു മാത്രം 10 ലക്ഷം രൂപയും വകുപ്പിന്റെ 35 ഹോര്‍ഡിങ്ങുകളുടെ മെയിന്റനന്‍സിന് 68 ലക്ഷം രൂപയുമായാണ് വകയിരുത്തിയിട്ടുള്ളത്. എല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിച്ചുള്ള വാഹന പ്രചരണത്തിന് 3.3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

ഇതുകൂടാതെ ഈ മേളയുടെ ഏകോപനം, ജില്ലാതല യോഗങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കായി 5.2 കോടി രൂപയും കൂടി വകയിരുത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2025-26) 2220-01-001-96 സ്‌പെഷൽ പബ്‌ളിക് റിലേഷന്‍സ് ക്യാംപെയ്ന്‍ പ്ലാന്‍ എന്ന ശീര്‍ഷകത്തിലാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. മൊത്തം ഈ ധൂര്‍ത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം അനുവദിച്ച തുക 25.915 കോടി വരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്  വെറും മൂന്നു മാസം മാത്രം അകലെ നിൽക്കുമ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വർഷം മാത്രം ദൂരെ നിൽക്കുമ്പോൾ, സമ്പൂർണമായും സർക്കാർ ചെലവിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കളമൊരുക്കുകയാണ് ഇടതു മുന്നണി.

കേരളത്തില്‍ ആശുപത്രികളിൽ ആവശ്യ മരുന്നുകൾ വാങ്ങാൻ പണമില്ലെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളകുടിശിക നല്‍കാന്‍ പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, ക്ഷേമനിധി പെന്‍ഷനുകള്‍ നല്‍കാന്‍ പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍,  ആശാവര്‍ക്കര്‍മാര്‍ക്ക് വേതനവര്‍ധനയ്ക്കു പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, പണമില്ലാത്തതു മൂലം റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനങ്ങള്‍ നടത്തതാതെ അനധികൃത നിയമന നിരോധനം ഏര്‍പ്പെടുത്തുന്ന ഒരു സര്‍ക്കാര്‍ ഒരു തത്വദീക്ഷയുമില്ലാതെ കോടികള്‍ പ്രചാരണത്തിനു മാത്രം വകയിരുത്തിയിരിക്കുകയാണ്. പ്രചാരണത്തിന് ഇത്ര കോടികള്‍ ചെലവഴിക്കുമെങ്കില്‍ പരിപാടിയുടെ ചെലവ് ഊഹിക്കുന്നതിനുമപ്പുറമായിരിക്കാം. 

എത്ര പണം ചെലവഴിച്ചും ആര്‍ഭാടത്തിന്റെ മേലങ്കികള്‍ ചാര്‍ത്തിയാലും ഭരണപരാജയത്തിന്റെ കൊടും ദുര്‍ഗന്ധത്തെ മറയ്ക്കാനാവില്ലെന്നോര്‍ക്കണം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍. ഈ ധൂര്‍ത്തിന് നിങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം.

English Summary:

Ramesh Chennithala: Kerala government faces criticism for extravagant 26 crore rupee publicity campaign during its 4th anniversary, amidst financial struggles. Ramesh Chennithala condemns the spending.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com