ADVERTISEMENT

കോട്ടയം ∙ 7 വർഷം മുമ്പൊരു രാത്രി. കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് കയറി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. പുലർച്ചെ രണ്ടരയോടെ ബസ് കൊട്ടാരക്കരയിൽ. പുറത്തിറങ്ങി ഒരു കട്ടൻ ചായ കുടിച്ചു. 10 മിനിറ്റ് കഴിഞ്ഞ് ബസ് പുറപ്പെട്ടു. കൊല്ലം – തിരുവനന്തപുരം അതിർത്തി പ്രദേശമായ തട്ടത്തുമലയിൽ എത്തിയപ്പോഴേക്കും ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. പതിനഞ്ചാം നമ്പർ സീറ്റിൽ ഇരിക്കുകയായിരുന്ന റോഷി അഗസ്റ്റിൻ വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചുപോയി. കാതിൽ നിലവിളി ശബ്ദം. പൊടുന്നനെ റോഷി ചാടി എഴുന്നേറ്റു. ബസ് ഓടിച്ച ഡ്രൈവറെ പോലും ബസ് കുത്തിതുറന്നാണ് പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന എല്ലാവരെയും ഗോകുലം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനുള്ള പരിശ്രമത്തിൽ റോഷിയും മുൻപന്തിയിൽ കൂടി. റോഷി മാത്രമാണ് പുറത്തേക്ക് തെറിച്ചുവീണത്. ഹൈഡ്രോളിക് വാതിൽ തുറന്ന ശേഷം അടയുകയായിരുന്നു. മറ്റുള്ളവരെല്ലാം ബസിനുള്ളിൽ കുടുങ്ങിയ ആ പാതിരാ യാത്രയെപ്പറ്റി ഓർക്കുമ്പോൾ ഇന്നത്തെ മന്ത്രി റോഷി അഗസ്റ്റിന്റെ മനസിൽ ആത്മീയത നിറയും.

അന്നേക്ക് പതിനൊന്നാം പക്കം പെസഹദിനത്തിൽ താൻ മലയാറ്റൂർ കുരിശുമല യാത്ര നടത്താൻ തീരുമാനിച്ചിരുന്നുവെന്ന് റോഷി അഗസ്റ്റിൻ മനോരമ ഓൺലൈനോട് പറഞ്ഞു. ഒരു പോറൽ പോലും എനിക്ക് ഏറ്റില്ല. എന്നിലെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച ഒരു സംഭവമായിരുന്നു അത്. ഇത്തരത്തിൽ നിരവധി സന്ദർഭങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറയുന്നു. ഇക്കൊല്ലം തുടർച്ചയായ മുപ്പത്തിയൊമ്പതാമത്തെ വർഷമാണ് റോഷിയുടെ മലയാറ്റൂർ മലകയറ്റം. എല്ലാ പെസഹ വ്യാഴത്തിലും സുഹൃത്തുക്കള്‍ക്കൊപ്പം മലയാറ്റൂര്‍ കുരിശുമല കയറാന്‍ പോകും. ചക്കാമ്പുഴയില്‍നിന്നുള്ളവരാണ് ആ സുഹൃദ് വലയത്തിലുള്ളത്. 

‘‘ഇത്തവണ എനിക്ക് പഴയതുപോലെ വേഗത്തിൽ നടക്കാൻ കഴിയില്ല. ഒരു പനിയും ചെറിയ ന്യുമോണിയയും ഒക്കെ ആയിരുന്നു, കഴിഞ്ഞിട്ട് ഒരു മാസമായില്ല. 15 വയസ്സുള്ളപ്പോൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണ് മലയാറ്റൂർ യാത്ര. എല്ലാ വർഷവും പിന്നീട് അത് തുടർന്നു. എത്ര ബുദ്ധിമുട്ട് ആണെങ്കിലും യാത്ര ഒഴിവാക്കിയിട്ടില്ല. പേരാമ്പ്രയിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് കോഴിക്കോട് നിന്നും അർധരാത്രിയോടെ വീട്ടിലെത്തി മല കയറാൻ പോവുകയായിരുന്നു. പ്രത്യേകിച്ച് നിയമസഭാ–ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഈ സമയത്താണല്ലോ വരുന്നത്. എന്നുകരുതി ഞാൻ മലയാറ്റൂർ യാത്ര ഒഴിവാക്കിയിട്ടില്ല. ഇത് വിശ്വാസത്തിന്റെ യാത്രയാണ്’’ – റോഷി അഗസ്റ്റിൻ പറഞ്ഞു.

റോഷി അഗസ്റ്റിൻ മലയാറ്റൂർ യാത്രയിൽ (Photo: Special Arrangement)
റോഷി അഗസ്റ്റിൻ (Photo: Special Arrangement)

മലകയറ്റം എന്തിന്, എന്താണ് പ്രാർഥിക്കുന്നത് എന്നിവയ്ക്കെല്ലാം റോഷിക്ക് വ്യക്തമായ ഉത്തരമുണ്ട്. ‘‘എല്ലാവർ‌ക്കും നന്മ ഉണ്ടാകണമെന്ന ആഗ്രഹമാണ് മനസ്സിലുള്ളത്. ഞാൻ എനിക്കു വേണ്ടി പ്രാർഥിക്കാറില്ല. വിശ്വാസത്തിന്റെ തീക്ഷ്ണതയിൽ വളർ‌ന്നുവരുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിശ്വാസം കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വിശ്വാസം ബലപ്പെടേണ്ടത് ആവശ്യമാണ്. പൊതുപ്രവർത്തന രംഗത്ത് നിൽക്കുമ്പോൾ മതേതരത്വം കാത്തുസൂക്ഷിക്കാൻ എന്റെ വിശ്വാസം എനിക്ക് ബലം നൽകുന്നുണ്ട്’’ – റോഷി അഗസ്റ്റിൻ പറഞ്ഞു.

‘‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായിരുന്നു പെസഹ വ്യാഴം. തിരഞ്ഞെടുപ്പ് പ്രചാരണം കാരണം കാലിൽ‌ നല്ല നീരുണ്ടായിരുന്നു. പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പലരും യാത്ര പോകരുതെന്ന് പറഞ്ഞു. ഞാൻ മലകയറി. തൊടുപുഴ തിരിച്ചുവന്ന് റസ്റ്റ്ഹൗസിൽ കുളിച്ച് പ്രചാരണത്തിലേക്ക് ഇറങ്ങുമ്പോൾ എന്റെ കാലിൽ നീരില്ലായിരുന്നു എന്നത് എന്റെ വിശ്വാസം ദൃഢപ്പെടുത്തി. ഈ യാത്ര ദുഷ്കരമല്ല. ഊർ‌ജം പകരുന്ന യാത്രയാണിത്’’ – റോഷി അഗസ്റ്റിൻ പറഞ്ഞു.

English Summary:

Roshy Augustine's Malayattoor Journey: Roshy Augustine reflects on a near-fatal accident and shares insights about his annual pilgrimage to Malayattoor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com