പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

Mail This Article
പാലക്കാട്∙ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. രാഹുലിനും കണ്ടാലറിയുന്ന 19 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി ഓഫിസിലേക്ക് ബുധനാഴ്ച യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് വലിച്ചിഴക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
അതേസമയം, ബിജെപിയുമായി സമാധാന ചർച്ചക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. വർഗീയതയോട് സമരസപ്പെടില്ല. നൈപുണ്യ കേന്ദ്രത്തിനോടല്ല, അതിനു നൽകിയ പേരിനോടാണ് വിയോജിപ്പെന്നും എംഎൽഎ പറഞ്ഞു. ഹെഡ്ഗേവാർ വിഷയത്തിലെ പ്രതികരണത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപിക്കാർ കൊലവിളി പ്രസംഗം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാലക്കാട് എംഎൽഎ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ ബിജെപി പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.