ADVERTISEMENT

ന്യൂഡൽഹി ∙ സീലംപുരിൽ 17 കാരനെ കൊലപ്പെടുത്തിയ കേസിൽ ‘ലേഡി ഡോൺ’ സിക്രയും സംഘവും കസ്റ്റഡിയിൽ. സീലംപുര്‍ സ്വദേശി കുനാൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പാൽ വാങ്ങാൻ പോയ കുനാലിനെ സിക്രയും സംഘവും ചേർന്നു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസേനാംഗങ്ങളെ വരെ സ്ഥലത്തു വിന്യസിച്ചിരുന്നു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉറപ്പുനൽകിയിട്ടുണ്ട്. 

അനിയനെ അടിച്ചതിലുള്ള പ്രതികാരം

ഹോളി ആഘോഷങ്ങള്‍ക്കിടെ തോക്ക് കയ്യിലേന്തി പ്രകടനം നടത്തിയതിന് അറസ്റ്റിലായ സിക്ര കൊലപാതകത്തിനു 15 ദിവസം മുൻപാണ് പുറത്തിറങ്ങിയത്. ജയിലിൽനിന്നു പുറത്തിറങ്ങിയ സിക്ര തന്റെ സഹോദരനെ മർദിച്ച ലാല എന്നു പേരുള്ള യുവാവിനെ തിരഞ്ഞു നടക്കുകയായിരുന്നു. ലാലയെക്കുറിച്ചു വിവരം നൽകാൻ കുനാലിനോട് ആവശ്യപ്പെട്ടെങ്കിലും കുനാൽ അതിനു തയാറായില്ല. അതാണ് കൊലപാതകത്തിലേക്കു നയിച്ചത്. കുനാലിനെ സിക്ര നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും അവസരം ലഭിച്ചാൽ കൊലപ്പെടുത്തുമെന്നു പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു. 

ആരാണ് സിക്ര?

സമൂഹമാധ്യമങ്ങളില്‍ ‘ലേഡി ഡോൺ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഡൽഹി അധോലോക നേതാവാണ് സിക്ര. വിവിധതരം തോക്കുകളുമായി സീലംപുരിലൂടെ നിരന്തരം റോന്തുചുറ്റുന്ന ഗുണ്ടാ നേതാവ്. തോക്കുമായി നിൽക്കുന്ന ഫോട്ടോകളും റീലുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ആയിരക്കണക്കിനു ഫോളോവേഴ്സുള്ള ലേഡി ഡോൺ. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പോലും അഭിമാനത്തോടെ സ്വന്തം സമൂഹമാധ്യമ പേജിൽ സിക്ര പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനും ഏതിനും സിക്രയോടൊപ്പം ഒരു സംഘം എപ്പോഴും ഉണ്ടാകും. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹഷിം ബാബയുടെ ഭാര്യ സോയക്കൊപ്പം താമസിച്ചിരുന്ന സിക്ര സോയ ലഹരിമരുന്നു കേസിൽ ജയിലിലായതിനു ശേഷം സ്വന്തമായി ഒരു ഗുണ്ടാസംഘം ഉണ്ടാക്കുകയായിരുന്നു.

English Summary:

Delhi's 'Lady Don' Arrest: Delhi's 'Lady Don' Zikra arrested for the murder of a 17-year-old boy in Seelampur. The killing was reportedly in revenge for her brother's beating. Police investigation underway.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com