‘ദിവ്യ ചെയ്തത് വാക്കുകൊണ്ട് ഷൂ ലേസ് കെട്ടുന്ന പരിപാടി’; ചട്ടലംഘനത്തിന് പരാതി നൽകി യൂത്ത് കോൺഗ്രസ്

Mail This Article
തിരുവനന്തപുരം ∙ കെ.കെ.രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ.എസ്.അയ്യർ ഐഎഎസിനെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട 1968–ലെ പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നത് രാഷ്ട്രീയ നിയമനമാണ്. സിപിഎം സംസ്ഥാന സമിതിയാണ് കെ.കെ.രാഗേഷിനെ പദവിയിലേക്ക് നിയോഗിച്ചത്.
ആ പദവിയെക്കുറിച്ച് പോസ്റ്റിട്ടത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ്. വ്യക്തിപരമായി പ്രഫഷനൽ അഭിപ്രായമാണ് പറഞ്ഞതെങ്കിൽ എന്തിനാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമ്യൂണിസ്റ്റ് വിപ്ലവ ഗാനത്തിന്‍റെ പശ്ചാത്തലം ഉപയോഗിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. വാക്ക് കൊണ്ടു ഷൂ ലേസ് കെട്ടികൊടുക്കുന്ന പരിപാടിയാണ് ദിവ്യ കാണിച്ചത്. ദിവ്യയുടെ പോസ്റ്റ് തികച്ചും പൊളിറ്റിക്കൽ ആണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രീണനമാണ് നടത്തിയത്. ഐഎഎസ് പദവി രാജിവച്ച് സിപിഎമ്മിൽ ചേർന്ന ശേഷം എന്ത് പ്രസ്താവനയും നടത്താം. അതിനെ വിമർശിക്കില്ല. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും വിജിൽ മോഹൻ വ്യക്തമാക്കി. നേരത്തെ റവല്യൂഷനററി യൂത്ത് ഫ്രണ്ടും ദിവ്യക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.