‘പൈത്യക്കാരാ യാനെ പക്കെ പോറെ അറിവില്ലൈ’; വനത്തിനുള്ളിൽ ആന ചിന്നം വിളിച്ച് അടുത്തേക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വിഡിയോ

Mail This Article
ബത്തേരി ∙ മുത്തങ്ങയ്ക്കടുത്ത് ദേശീയപാത 766ൽ വനത്തിനുള്ളിലേക്ക് കടന്ന് ആനയുടെ അടുത്തേക്ക് പോയ ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇയാൾ കാട്ടിൽനിന്ന് ഓടി രക്ഷപ്പെട്ടു വന്ന് സ്കൂട്ടറിൽ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തമിഴ്നാട്ടുകാരായ ആളുകളാണ് വാഹനത്തിലിരുന്ന് ദൃശ്യങ്ങൾ പകർത്തിയത്.
ആന ചിന്നം വിളിച്ച് എത്തിയപ്പോൾ ഹോൺ മുഴക്കി ആനയെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ‘പൈത്യക്കാരാ യാനെ പക്കെ പോറെ അറിവില്ലൈ’ (ബുദ്ധിയില്ലാത്തവനേ, ആനയുടെ അടുത്തേയ്ക്കു പോകാൻ മാത്രം വിവരമില്ലാത്തയാളാണോ) എന്ന് തമിഴിൽ ചോദിക്കുന്നതും വിഡിയോയിൽ കേൾക്കാം.
മുത്തങ്ങ –ഗുണ്ടൽപേട്ട് പാതയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആളെ വ്യക്തമായി കാണുന്നില്ലെങ്കിലും വനത്തിലേക്ക് കയറി പോകുന്നതും ആനയുടെ ചിന്നം വിളികളും ദൃശ്യങ്ങളിൽനിന്നു മനസ്സിലാക്കാം. ഈ സമയം ഇതുവഴി വന്ന വലിയ വാഹനത്തിലെ ഡ്രൈവർമാർ ഹോൺ മുഴക്കിയാണ് ആനയെ പിന്തിരിപ്പിച്ചത്.
വനത്തിൽനിന്ന് ഓടിയെത്തിയ ആളുടെ ദേഹം മുഴുവനും ചെളി പുരണ്ടിട്ടുണ്ട്. ബത്തേരി റജിസ്ട്രേഷനിലുള്ള സ്കൂട്ടറിലാണ് ഇയാൾ പോയത്. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.