ADVERTISEMENT

ബെംഗളൂരു∙ കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ കാർത്തിക്. കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ഓം പ്രകാശിന്റെ ഭാര്യയും തന്റെ അമ്മയുമായ പല്ലവി 12 വർഷമായി സ്ക്രീസോഫീനിയയ്ക്ക് ചികിത്സയിലാണെന്നും കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നതെന്നും കാർത്തിക് പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വവും അസാധാരണവുമായ കാര്യങ്ങൾ എല്ലാം തന്നെ യഥാർഥത്തിൽ സംഭവിക്കുന്നതാണെന്ന് തെറ്റിദ്ധരിക്കുന്ന മാനസികാവസ്ഥയാണ് സ്ക്രീസോഫീനിയ.

താൻ ആക്രമിക്കപ്പെടുമെന്നും തനിക്ക് വധഭീഷണി ഉണ്ടെന്നും പല്ലവി ഭയന്നിരുന്നതായും ഭർത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാൻ നടക്കുകയാണ് എന്ന് പലതവണ പറഞ്ഞിരുന്നതായും കുടുംബാഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. വാട്സാപ് ഗ്രൂപ്പുകളിലടക്കം ഭർത്താവ് തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി കൊലയ്ക്ക് 5 ദിവസം മുൻപും പല്ലവി ആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം പല്ലവിയുടെ രോഗാവസ്ഥ കൊണ്ടുണ്ടായ തോന്നലാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി പല്ലവിക്ക് തോന്നിയിരുന്നുവെന്നും ഇതിന്റെ പേരിൽ കടുത്ത സമ്മർദം അനുഭവിച്ചിരുന്നുവെന്നും അടുത്ത ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് ഓം പ്രകാശിനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ 6 കുത്തേറ്റിട്ടുണ്ടെന്നും മുഖത്ത് അടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കുടുംബത്തിന് ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും സൂചനയുണ്ട്. മകന്റെ പരാതിയിൽ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെയും മകൾ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summary:

Karnataka DGP Murder: Schizophrenia played a role in the death of former Karnataka DGP Om Prakash. His son reveals his mother's 12-year battle with the illness, leading to accusations and ultimately, a murder investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com