മുടികൊഴിച്ചിലിനു പിന്നാലെ നഖം കൊഴിയൽ, ഭീതിയിൽ 9 ഗ്രാമങ്ങൾ; ബുൽഡാനയിലേക്ക് വിദഗ്ധ സംഘം

Mail This Article
മുംബൈ∙ മുടികൊഴിച്ചിലിനു പിന്നാലെ നഖം കൊഴിയലും റിപ്പോർട്ട് ചെയ്ത ബുൽഡാനയിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം 9 അംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു. ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിലിലെ ശാസ്ത്രജ്ഞർ, ദേശീയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആൻഡ് ബാർളി റിസർച് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തിന്റ പ്രവർത്തനം. സംസ്ഥാന സർക്കാർ നിയോഗിച്ച ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ഗ്രാമങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുകയുമാണ് ഇവരുടെ ചുമതല.
ലഭ്യമായ കണക്കനുസരിച്ച് ഇതുവരെ ഒൻപത് ഗ്രാമങ്ങളിൽ 56 പേർക്ക് നഖം കൊഴിച്ചിൽ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. നഖങ്ങൾ വെള്ള നിറത്തിലേക്കും പിന്നീട് കറുപ്പ് നിറത്തിലേക്കും മാറി പതിയെ കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ് ഗ്രാമങ്ങളിൽ ഉള്ളത്. മനുഷ്യശരീരത്തിൽ സെലിനിയത്തിന്റെ അളവ് കൂടുന്നത് മുടി, നഖം എന്നിവയുടെ കൊഴിച്ചിലിന് കാരണമാകുമെന്നും ഇതാണ് ഇവിടെയും വില്ലനായതെന്നുമാണ് പ്രാഥമിക നിഗമനം.
ഡിസംബറിലാണ് 15 ഗ്രാമങ്ങളിൽ വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം, വിദഗ്ധരടങ്ങിയ വ്യത്യസ്ത സംഘങ്ങൾ ഗ്രാമങ്ങളിലെത്തി പരിശോധിച്ച് രക്ത സാംപിളുകളും മറ്റുമായി പോകുന്നതിനപ്പുറം കൃത്യമായ രോഗകാരണം കണ്ടെത്താനോ ആവശ്യമായ ചികിത്സ നൽകാനോ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ലെന്ന വിമർശനം ഗ്രാമീണർ ഉന്നയിച്ചു.
‘ഗ്രാമങ്ങളിലേക്ക് കേന്ദ്ര ആരോഗ്യസംഘം വരുന്നുവെന്നത് ആശ്വാസകരമാണ്. എങ്കിലും പരിശോധനാ ഫലങ്ങളും പരിഹാരവുമാണ് ഞങ്ങൾക്ക് വേണ്ടത്. വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്ത സമയം രോഗബാധിതരുടെ ശരീരം പൂർണമായും ആരോഗ്യ പരിശോധന നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ആരും ചെവിക്കൊണ്ടില്ല. മുടികൊഴിച്ചിലിന് പിന്നാലെ ഇപ്പോൾ നഖവും കൊഴിയുന്നു. പ്രശ്നം കൂടുതൽ വഷളാവുകയാണ്– ജില്ലാ പഞ്ചായത്ത് മുൻ ഉപാധ്യക്ഷൻ സംഗീതറാവു ഭോൻകൽ പറഞ്ഞു.