‘ഫോൺ ഓണായപ്പോൾ തിരിച്ചുവരുമെന്ന് കരുതി, എന്ത് തെറ്റിനാണ് എന്റെ മകൻ കൊല്ലപ്പെട്ടത്?’

Mail This Article
ശ്രീനഗർ∙ പഹൽഗാമിലെ ബൈസരൺവാലിയിലേക്ക് സഞ്ചാരികളെ കുതിരപ്പുറത്ത് എത്തിക്കുന്ന ജോലിയായിരുന്നു 28കാരനായ സയ്യിദ് ആദിലിന്. കശ്മീരിന്റെ നെഞ്ചിലെ മുറിവായ ഭീകരാക്രമണത്തിൽ സയ്യിദ് ആദിൽ ഇല്ലാതായതും അപ്പോൾ മാത്രം പരിചയപ്പെട്ട സഞ്ചാരികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. ഭീകരരിൽ ഒരാളുടെ തോക്ക് പിടിച്ചുവാങ്ങി തിരികെ വെടിയുതിർക്കാൻ ശ്രമിക്കവേയാണ് സയ്യിദ് ആദിൽ വെടിയേറ്റു വീണതെന്ന്, അക്രമത്തിൽനിന്നു ജീവൻ തിരിച്ചുകിട്ടിയവർ വേദനയോടെ പറയുന്നു.
കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മകൻ ഇല്ലാതായതിന്റെ ഞെട്ടലിലാണ് ആദിലിന്റെ കുടുംബം. ഇന്നലെ ഉച്ചതിരിഞ്ഞാണ് പതിവുപോലെ സഞ്ചാരികളെത്തേടി സയ്യിദ് വീട്ടിൽനിന്നു പുറപ്പെട്ടത്. മൂന്നരയോടെ ഭീകരാക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. ആധിയോടെ വിളിച്ചുനോക്കിയപ്പോൾ ആദിലിന്റെ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. പക്ഷേ, 4.40ന് ഫോൺ ഓണായി. ഇതോടെ മകൻ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ വൈകാതെ ആ ദുരന്ത വാർത്ത എത്തി.
ഭാര്യയും മക്കളും അടങ്ങുന്ന ആദിലിന്റെ കുടുംബം സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരാണ്. കുടുംബത്തിൽ ജോലി ചെയ്തിരുന്നത് ആദിൽ മാത്രമായിരുന്നു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കവേ മകൻ ഇല്ലാതായതിന്റെ തീരാവേദനയിലാണ് ആദിലിന്റെ കുടുംബം. ‘‘അവനെ മാത്രം ആശ്രയിച്ചാണ് ഞങ്ങൾ ജീവിച്ചിരുന്നത്. നിഷ്കളങ്കനായ കുട്ടിയായിരുന്നു അവൻ. എന്ത് തെറ്റിന്റെ പേരിലാണ് അവൻ കൊല്ലപ്പെട്ടത്? എന്റെ മകനെ കൊന്നവർ ശിക്ഷിക്കപ്പെടണം.’’ – ആദിലിന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ നിറകണ്ണുകളോടെ പറയുന്നു.