ഭീകരർക്കെതിരെ തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യ; നിറമിഴികളോടെ വിനയ് നർവലിന്റെ ഭാര്യ ഹിമാൻഷി – അറിയാം പ്രധാനവാർത്തകൾ

Mail This Article
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ ഒരുങ്ങുന്നു എന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇന്ന് പ്രധാനമായും ചർച്ച മറ്റു വാർത്തകൾ. തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവായ ഡിവിആർ കണ്ടെത്തി, എകെജി സെന്ററിന്റെ ഉദ്ഘാടനം, പി.വി. അന്‍വറുമായി കോൺഗ്രസും യുഡിഎഫും സഹകരിച്ച് മുന്നോട്ടു പോകുമെന്നുമെന്ന വി.ഡി. സതീശന്റെ പ്രസ്താവന എന്നിവയാണ് മറ്റു പ്രധാന വാർത്തകൾ. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്നുള്ള സൂചന. ഇസ്‌ലാമാബാദിലെ ഹൈക്കമ്മിഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാർ റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്‍ വിനയ് നർവലിന് രാജ്യം ആദരാഞ്ജലി അർപിച്ചു. നിറമിഴികളോടെയാണ് ഭാര്യ ഹിമാൻഷി വിനയ്ക്ക് വിട നൽകിയത്. ഉന്നത നാവിക സേന ഉദ്യോഗസ്ഥർ ഡൽഹി വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിനു കാരണം പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതിന്റെ പകയെന്നു പ്രതിയുടെ മൊഴി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. പ്രതി അമിത് ഉറാങ്ങിനെ ഇന്നു പുലർച്ചെ തൃശൂര്‍ മാളയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്...
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസായ പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നാടമുറിച്ച് നിർവഹിച്ചു. ശിലാഫലകത്തിന്റെ അനാശ്ചാദനവും നടത്തി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുന്നോട്ടുവച്ച ആശയമാണ് അതിവേഗം നടപ്പാക്കിയത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ.ബേബിയും പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനും ചടങ്ങിൽ പ്രസംഗിച്ചു...
പി.വി. അന്‍വറുമായി കോൺഗ്രസും യുഡിഎഫും സഹകരിച്ച് മുന്നോട്ടു പോകുമെന്നും എന്നാൽ മുന്നണി പ്രവേശനത്തെപ്പറ്റി തീരുമാനം എടുക്കുന്നത് വിശദമായ ചർച്ചകൾക്കു ശേഷം മാത്രമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറുമായി വിശദമായി സംസാരിച്ചെന്നും പരസ്പരം സഹകരിച്ചു മുന്നോട്ടുപോകുന്ന കാര്യത്തിൽ അൻവർ ചില നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നും അതിനു മേൽ വിശദമായ ചർച്ചകൾ നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.