ADVERTISEMENT

തിരുവനന്തപുരം ∙ പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതിയായ തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ രാജേന്ദ്രൻ (40) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കുറ്റകരമായ വസ്തു കയ്യേറ്റം, കൊലപാതകം, കൊലപ്പെടുത്തി കവർച്ച, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഡിഷനൽ സെഷൻസ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം മുഖവിലയ്ക്ക് എടുത്താണ് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ 4 ലക്ഷം രൂപ മരിച്ച വിനീതയുടെ മക്കള്‍ക്കു നല്‍കണം. പ്രതിക്കു വധശിക്ഷ നല്‍കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍നിന്ന് പ്രതി സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള ഒരു സാധ്യതയും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷനു സഹായകരമായത് സാഹചര്യ തെളിവുകളും ശാസ്ത്രീയ– ഫൊറൻസിക് തെളിവുകളുമാണ്. ജില്ലാ കലക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്. കൊലപാതക പരമ്പര നടത്തിയിട്ടുളള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ. പ്രതി നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നിലും ഇരകൾ സ്ത്രീകളാണ്. തിരുവനന്തപുരം ജില്ലാ കലക്ടറുടേതടക്കം ആറ് റിപ്പോര്‍ട്ടുകളും പ്രതിക്ക് എതിരായിരുന്നു.മനഃപരിവര്‍ത്തനം നടത്താന്‍ കഴിയാത്ത, ക്രൂരമായി കൊലപാതക പരമ്പര നടത്തുന്നയാളാണ് പ്രതിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുടെ സാരാംശം. തിരുവനന്തപുരം  മാനസികാരോഗ്യ കേന്ദ്രത്തിലെ മനഃശാസ്ത്രഞ്ജനും മനോരോഗ വിദഗ്ധനും പ്രതിയെ പരിശോധിച്ച് കോടതിയിൽ റിപ്പോര്‍ട്ട് നൽകിയിരുന്നു. അതേസമയം, 70 വയസ് കഴിഞ്ഞ അമ്മയ്ക്ക് ഏക ആശ്രയം താനാണെന്നും പൊലീസിനെ ഭയന്ന് സഹോദരനും സഹോദരിയും അമ്മയെ കാണാന്‍ പോലും കൂട്ടാക്കാറില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

2022 ഫെബ്രുവരി ആറിന് പകല്‍ രാജേന്ദ്രന്‍ അലങ്കാരച്ചെടി കടയ്ക്കുളളില്‍ വച്ച് വിനീതയെ കുത്തിക്കൊലപ്പെടുത്തിയെന്നാണു കേസ്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം. ഉന്നത ബിരുദധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കുന്നതിനു വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്. സമാനരീതിയില്‍ തമിഴ്നാട് തിരുനെൽവേലി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രന്‍ അമ്പലമുക്കിലെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തുകയായിരുന്നു.

ഹൃദ്രോഗബാധിതനായി ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റു മാര്‍ഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത അമ്പലമുക്കിലെ ‘ടാബ്സ് അഗ്രി ക്ലിനിക്’ എന്ന അലങ്കാരച്ചെടി വില്‍പ്പനശാലയില്‍ ജോലിക്കു ചേര്‍ന്നത്. കൊല്ലപ്പെടുന്നതിന് 9 മാസം മുന്‍പാണ് ഇവിടെ ജോലിക്ക് എത്തിയത്. സമ്പൂര്‍ണ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ദിവസം ചെടികള്‍ നനയ്ക്കുന്നതിനാണ് സുനിത കടയിലെത്തിയത്. പേരൂർക്കടയിലെ ടീ സ്റ്റാളിൽ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന എത്തി വിനീതയുമായി സംസാരിച്ച ശേഷം കത്തി കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരയുടെ സ്വനപേടകത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി കൊലപ്പെടുത്തുന്നതാണ് രാജേന്ദ്രന്റെ രീതി. സമാന രീതിയിലാണ് രാജേന്ദ്രൻ തമിഴ്നാട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും  കൊലപ്പെടുത്തി 95 ഗ്രാം സ്വർണാഭരണം കവർന്നത്. അതിന്റെ വിചാരണ നാഗർകോവിൽ സെഷൻസ് കോടതിയിൽ തുടരുകയാണ്. തമിഴ്നാട്ടിലെ ഫൊറന്‍സിക് വിദഗ്ധരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയില്‍ വിസ്തരിച്ചിരുന്നു.

എത്തിയത് മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ട്
അമ്പലമുക്കിൽ മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ടാണ് താന്‍ എത്തിയതെന്നായിരുന്നു രാജേന്ദ്രന്‍ പൊലീസിനു നല്‍കിയ മൊഴി. സാമാന്യം വലിയ സ്വര്‍ണമാലയിട്ട അവരുടെ പിന്നാലെ നടന്നു. അനിയന്‍ ലെയ്നിലെ വളവ് തിരിയുന്നതിനിടെ കാഴ്ചയില്‍നിന്ന് ഇവര്‍ മറഞ്ഞു. ഇവരെ തിരഞ്ഞു മുന്നോട്ടു നടന്നതോടെയാണ് കടയിൽ ചെടികള്‍ക്കു വെള്ളം നനയ്ക്കുന്ന വിനീതയെ രാജേന്ദ്രന്‍ കണ്ടത്. ചെടി വാങ്ങാനെന്ന വ്യാജേനെ പ്രതി വിനീതയ്ക്കു മുന്നിലെത്തുകയായിരുന്നു. ചെടി വാങ്ങാനല്ല, മാലയിലാണ് കണ്ണെന്നു കണ്ടതോടെ വിനീത ബഹളം വച്ചു. തുടര്‍ന്ന് പിടിവലിയായി. ഇതോടെ കയ്യില്‍ കരുതിയ കത്തിയെടുത്തു കുത്തി വീഴ്ത്തുകയായിരുന്നു. മുട്ടടയിലെ കുളത്തിൽ കത്തി ഉപേക്ഷിച്ച ശേഷം ഇവിടെനിന്ന് സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് ഉള്ളൂരിലെത്തി. തുടര്‍ന്നു മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി പേരൂര്‍ക്കടയില്‍ എത്തുകയായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്കു കടന്ന് കാവല്‍കിണറിനു സമീപത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11ന് പേരൂര്‍ക്കട സിഐ വി.സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വര്‍ണമാല പൊലീസ് കണ്ടെടുത്തിരുന്നു.

സാഹചര്യത്തെളിവും സൈബർ തെളിവും നിർണായകമായി
ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷനു സഹായകരമായത് ശാസ്ത്രീയ സൈബർ ഫൊറൻസിക് തെളിവുകൾ. കൃത്യത്തിനു മുൻപും ശേഷവുമുള്ള രാജേന്ദ്രന്റെ സഞ്ചാരങ്ങൾ നഗരത്തിലെ സിസിടിവി ക്യാമറകളിൽനിന്ന് പൊലീസ് കണ്ടെടുത്തത് 11 പെൻഡ്രൈവുകളിലാക്കി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. 96 സാക്ഷികളെ വിസ്തരിച്ചു. 222 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, ദേവിക മധു, ജെ.ഫസ്ന, ഒ.എസ്.ചിത്ര എന്നിവർ ഹാജരായി. വിചാരണ നടപടികൾ പ്രതിക്ക് മനസ്സിലാക്കാൻ അഡ്വ. ആ.കെ.രാജേശ്വരിയെ ദ്വിഭാഷിയായി കോടതി നിയമിച്ചിരുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എസിയായിരുന്ന വി.എസ്.ദിനരാജ്, പേരൂര്‍ക്കട സി.ഐ ആയിരുന്ന വി.സജികുമാര്‍, എസ്എച്ച്ഒയുടെ ചുമതലയുണ്ടായിരുന്ന ജുവനപുടി മഹേഷ് ഐപിഎസ്, സബ് ഇന്‍സ്പക്ടര്‍ എസ്. ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസുകാരായ പ്രമോദ്.ആര്‍, നൗഫല്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

English Summary:

Ambalamukku Vineetha Murder Case: The Thiruvananthapuram court Death sentence the Vineetha murder case. Rajendran, found guilty of murder, faces a potential death penalty due to his history of serial killings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com