മനോരമ ‘ഹോർത്തൂസ്’ 2025 കൊച്ചിയിൽ

Mail This Article
കൊച്ചി ∙ മനോരമ ‘ഹോർത്തൂസ്’ സാംസ്കാരികോത്സവത്തിന്റെ രണ്ടാം പതിപ്പിനു കൊച്ചി വേദിയാകും. സുഭാഷ് പാർക്കിൽ നവംബർ 27 മുതൽ 30 വരെയാണ് ഇൗ മഹോത്സവം. കൂട്ടായ്മയുടെ ആഴവും പരപ്പും വിളംബരം ചെയ്യുന്ന ‘ഞാൻ – നീ – നാം’ (ദ് പവർ ഓഫ് വി) എന്നതാണ് ഇക്കുറി ഹോർത്തൂസ് സൃഷ്ടിക്കുന്ന പ്രമേയ പ്രപഞ്ചം. 4 ദിവസങ്ങളിലായി അഞ്ഞൂറിലേറെ അതിഥികളെത്തും. സെമിനാറുകളും സംവാദങ്ങളും ചലച്ചിത്ര മേളയും പുസ്തകോത്സവവുമുണ്ടാകും. ഹോർത്തൂസ് ആദ്യ പതിപ്പ് കഴിഞ്ഞവർഷം കോഴിക്കോട്ടായിരുന്നു. മലയാള അച്ചടി ലിപി ആദ്യം ഉപയോഗിച്ച ‘ഹോർത്തൂസ് മലബാറിക്കൂസി’ൽ പരാമർശിക്കപ്പെട്ട ഔഷധ ഉദ്യാനത്തിന്റെ ശേഷിപ്പുകളുള്ള കൊച്ചിയുടെ മണ്ണാണ് ഹോർത്തൂസ് രണ്ടാം പതിപ്പിനു വേദിയാകുന്നത്.
-
Also Read
കഥ പറഞ്ഞ് തീരം; പാട്ടുമൂളി കടൽ
മുഖ്യരക്ഷാധികാരി പ്രഫ.എം.കെ.സാനു, രക്ഷാധികാരികളായ മന്ത്രി പി.രാജീവ്, മേയർ എം.അനിൽ കുമാർ, ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ, ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, എഴുത്തുകാരൻ സി.രാധാകൃഷ്ണൻ, സാന്റാമോണിക്ക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു എന്നിവർ ചേർന്നാണു ‘ഹോർത്തൂസ് 2025’ ന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചത്; സാക്ഷ്യം വഹിച്ചതു സാംസ്കാരിക മേഖലകളിലെ പ്രഗല്ഭർ ഉൾപ്പെട്ട പ്രൗഢ സദസ്സ്.
ഹോർത്തൂസ് വായന ഉദ്ഘാടനം സി.രാധാകൃഷ്ണനും നോവൽ പുരസ്കാര പ്രഖ്യാപനം മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്കും നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, ക്യുറേറ്റർ ബന്ധു പ്രസാദ്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, ചീഫ് ന്യൂസ് എഡിറ്റർ ആർ.രാജീവ് എന്നിവർ പ്രസംഗിച്ചു.
3 ലക്ഷം രൂപയുടെ ഹോർത്തൂസ് പ്രൈസ്
കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി മലയാള മനോരമ 3 ലക്ഷം രൂപയുടെ ഹോർത്തൂസ് പ്രൈസ് ഏർപ്പെടുത്തുന്നു. 2025 ജനുവരി ഒന്നിനു 45 വയസ്സ് പൂർത്തിയാകാത്തവർക്കു പങ്കെടുക്കാം.
ഹോർത്തൂസ് പ്രൈസ്: വ്യവസ്ഥകൾ ഇങ്ങനെ
മലയാള മനോരമ ഹോർത്തൂസ് പ്രൈസിനു രചനകൾ പരിഗണിക്കുന്നതിനുള്ള വ്യവസ്ഥകൾ ഇവ:
∙ ആനുകാലികങ്ങളിലോ പുസ്തകരൂപത്തിലോ പ്രസിദ്ധീകരിക്കാത്ത മൗലിക രചനയാകണം.
∙ വിവർത്തനങ്ങൾ സ്വീകാര്യമല്ല.
∙ 2025 ജനുവരി ഒന്നിനു 45 വയസ്സ് പൂർത്തിയാകാത്തവരാകണം.
∙ രചനയുടെ ടൈപ്സെറ്റ് ചെയ്ത കോപ്പി തപാലിൽ അയയ്ക്കണം.
∙ പ്രായം തെളിയിക്കുന്ന രേഖ, തപാൽ വിലാസം, ഇ മെയിൽ െഎഡി, ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തണം.
∙ രചനകൾ തിരിച്ചയയ്ക്കുന്നതല്ല.
∙ മലയാള മനോരമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ രചനകൾ പരിഗണിക്കുന്നതല്ല.
∙ ചുരുക്കപ്പട്ടികയിലെത്തുന്ന രചനകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം മനോരമ ബുക്സിനും മനോരമ പ്രസിദ്ധീകരണങ്ങൾക്കുമായിരിക്കും.
∙ അവാർഡ് സമ്മാനിക്കുക നവംബർ 27നു കൊച്ചിയിൽ ആരംഭിക്കുന്ന ഹോർത്തൂസ് 2025 സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനവേളയിലാകും.
നോവലുകൾ അയയ്ക്കേണ്ട വിലാസം
മനോരമ
ഹോർത്തൂസ് പ്രൈസ്,
മലയാള മനോരമ,
കോട്ടയം – 686 001
∙ കവറിനു പുറത്ത് ‘മനോരമ ഹോർത്തൂസ് പ്രൈസ് 2025’ എന്നു രേഖപ്പെടുത്തണം.
∙ രചനകൾ ലഭിക്കേണ്ട അവസാന തീയതി: 2025 ഓഗസ്റ്റ് 31.
ഹോർത്തൂസ് ഔട്റീച്ച് പ്രോഗ്രാം ഇന്നു മുതൽ പത്തനംതിട്ടയിൽ
പത്തനംതിട്ട ∙ സാഹിത്യവും കലയും രാഷ്ട്രീയവും ഇഴചേരുന്ന, മലയാള മനോരമയുടെ രാജ്യാന്തര കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ ഔട്റീച്ച് പ്രോഗ്രാം ഇന്നു മുതൽ മേയ് 3 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടക്കും. ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം സംഘടിപ്പിക്കുന്ന കൺകോഡിയ-25ന്റെ ഭാഗമായാണു ഹോർത്തൂസ് സെഷനുകൾ നടക്കുന്നത്.
ഇന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ‘ഇടതുരാഷ്ട്രീയത്തിന്റെ പ്രസക്തി: കേരളത്തിലും ഡൽഹിയിലും’ എന്ന വിഷയത്തിൽ സംവദിക്കും. 16 സെഷനുകളിലായി സാമൂഹിക, രാഷ്ട്രീയ, കലാ, സാഹിത്യ, മത, ചലച്ചിത്ര മേഖലകളിൽനിന്നുള്ള 53 പ്രമുഖർ ചർച്ചകളിൽ പങ്കാളികളാകും. സമാപനദിനമായ മേയ് 3ന് ‘ജനത്തെ മറക്കുന്ന ജനാധിപത്യം’ എന്ന വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സംവദിക്കും.