പാക്ക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിന് എം.എ. ബേബിയും വി.ഡി. സതീശനും അസ്വസ്ഥരാകണം: ബിജെപി സംസ്ഥാന അധ്യക്ഷൻ

Mail This Article
തിരുവനന്തപുരം∙ നിരപരാധികളായ വിനോദ സഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക്ക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിനാണ് എം.എ.ബേബിയും വി.ഡി.സതീശനും അസ്വസ്ഥരാകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ നേതാക്കൾ എന്തിനാണ് പാക്ക് ഭീകരരെ പിന്തുണക്കാൻ ശ്രമിക്കുന്നത്. ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ ഇത്തരം നടപടികൾ തിരുത്താൻ തയാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. തിരുവനന്തപുരം സിറ്റി ജില്ലാ വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രപദ്ധതികളുടെ പ്രയോജനം ഭേദഭാവമില്ലാതെ എല്ലാ ജനങ്ങൾക്കും നൽകുന്ന ഏക പാർട്ടി ബിജെപിയാണ്. എല്ലാവർക്കും വേണ്ടിയാണ് ബിജെപി സമൂഹത്തിൽ പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതേറ്റെടുത്ത് ബിജെപി മുന്നോട്ട് പോകും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിയെ മുന്നോട്ട് എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നാട്ടിൽ മാറ്റം കൊണ്ടുവരാൻ പരിശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ വികസിത കേരളം എന്നത് നമ്മുടെ ദൗത്യവും ലക്ഷ്യവുമായി കരുതണം. വികസനം, തൊഴിൽ അവസരങ്ങൾ, നിക്ഷേപങ്ങൾ ഒക്കെ ഈ നാട്ടിലേക്ക് എത്തിക്കാൻ ആർക്കാണ് സാധിക്കുക എന്നത് ജനങ്ങൾ തിരിച്ചറിയും.
വാജ്പേയി സർക്കാർ ശക്തമായ സമ്പദ്ഘടനയായി മാറ്റിയ ഇന്ത്യയെ പത്തുവർഷത്തെ യുപിഎ ഭരണം തകർത്തു. എല്ലാ മേഖലയിലും അഴിമതി നിറഞ്ഞ യുപിഎ ഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹം കഴിഞ്ഞ 11 വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി നമ്മുടെ നാടിനെ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഇതേസമയം തന്നെയാണ് ഒൻപത് വർഷം കൊണ്ട് പിണറായി സർക്കാർ കേരളത്തിന്റെ വികസനത്തെ നശിപ്പിച്ചത്. നമ്മുടെ സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ട ദശാബ്ദമാണ് കടന്നുപോകുന്നത്. അതിൽനിന്നും കേരളത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.