നാളെ ആകാശം നിങ്ങളെ നോക്കി പുഞ്ചിരിക്കുമോ?; എന്താണ് ട്രിപ്പിള്‍ കണ്‍ജങ്ഷന്‍

Mail This Article
നാളെ പുലർച്ചെ 4.30ന് എഴുന്നേറ്റ് ആകാശത്തേക്കു നോക്കുക. ആകാശം നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് കാണാം. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവ സംഗമിച്ചു സ്മൈലി രൂപത്തിൽ ആകാശത്തു പ്രത്യക്ഷപ്പെടുന്നതാണിത്. ഇതു കാണാൻ ടെലസ്കോപ്, ബൈനാക്കുലർ മുതലായ ഉപകരണങ്ങളുടെ ആവശ്യമില്ല എന്നതാണു പ്രത്യേകത. ഒരു സാധാരണ മൊബൈൽ ഫോണിൽ ഈ ദൃശ്യം പകർത്താം.
ഗ്രഹ സംഗമം (ട്രിപ്പിള്‍ കണ്‍ജങ്ഷന്‍)
രണ്ട് ബഹിരാകാശ വസ്തുക്കള്‍ ആകാശത്ത് അടുത്തടുത്തായി കാണപ്പെടുന്ന പ്രതിഭാസത്തെയാണ് ഗ്രഹ സംഗമം അഥവാ കണ്‍ജങ്ഷന്‍ എന്നു വിളിക്കുന്നത്. അത്തരത്തില്‍ മൂന്ന് ബഹിരാകാശ വസ്തുക്കള്‍ ഒന്നിച്ചു കാണപ്പെടുമ്പോഴാണ് ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ എന്നു വിളിക്കുന്നത്. അത്യപൂര്‍വമായി മാത്രമാണ് ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ സംഭവിക്കാറ്. ഇത്തവണ ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് ഒരുമിച്ചു വരുന്നത്. ഗ്രഹസംഗമം എന്നാൽ ഭൂമിയിൽനിന്നുള്ള ഒരു കാഴ്ച മാത്രമാണ്. യഥാർഥത്തിൽ ഈ ഗ്രഹങ്ങൾ കോടിക്കണക്കിന് കിലോമീറ്റർ അകലെയാണ്.
ലോക മാധ്യമങ്ങൾ ‘ആകാശ പുഞ്ചിരി’ എന്ന പേരിൽ ഈ സംഗമത്തിന് ഏറെ പ്രചാരം നൽകിക്കഴിഞ്ഞു. എന്നാൽ ചിത്രങ്ങളിൽ കാണിക്കുന്നതു പോലെ ഈ സംഗമം മനോഹരമായി പുഞ്ചിരിക്കുന്ന ഒരു മുഖമായല്ല കാണപ്പെടുക. പകരം നേർത്ത ചന്ദ്രക്കലയുടെ ഒരു ഭാഗത്ത് പ്രകാശം കൂടിയ ശുക്രനും മറുഭാഗത്ത് പ്രകാശം കുറഞ്ഞ ശനിയുമായി അത്ര ഭംഗിയില്ലാത്ത ഒരു രൂപത്തിലായിരിക്കും ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ കാണപ്പെടുക എന്നാണ് അമച്വർ അസ്‌ട്രോണമർ സുരേന്ദ്രൻ പുന്നശ്ശേരി പറയുന്നത്. ഗ്രഹചന്ദ്ര സംഗമങ്ങൾ അപൂർവ്വമല്ലെങ്കിലും ‘സ്മൈലീ ഫേസ്’ എന്ന പ്രയോഗവും അതോടൊപ്പം ചേർത്ത ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു. സൂര്യപ്രകാശം എത്തുന്നതോടെ കാഴ്ച മങ്ങിത്തുടങ്ങും.