ഹൈബ്രിഡ് കഞ്ചാവ് : ഇടനിലക്കാരി യുവ മോഡൽ, നടന്മാരുമായി സാമ്പത്തിക ഇടപാട്; റിയാലിറ്റി ഷോ താരത്തിനും നോട്ടിസ്

Mail This Article
ആലപ്പുഴ ∙ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി തസ്‌ലിമ സുൽത്താനയും സിനിമാതാരങ്ങളും തമ്മിലുള്ള ഇടപാടുകളുടെ ഇടനിലക്കാരി മോഡലിങ് രംഗത്തുള്ള പാലക്കാട് സ്വദേശിനിയാണെന്ന നിഗമനത്തിൽ എക്സൈസ്. ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ഈ യുവതിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ എക്സൈസ് നോട്ടിസ് നൽകി. 28ന് ആലപ്പുഴയിലെ എക്സൈസ് ഓഫിസിൽ ഹാജരാകാനാണു നോട്ടിസ്.
നടൻമാരും യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ എക്സൈസിനു ലഭിച്ചു. ഈ യുവതിയും തസ്‌ലിമയുമായും സാമ്പത്തിക ഇടപാടുണ്ട്. ഇതോടെയാണ് ഇവർ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന നിഗമനത്തിൽ എക്സൈസ് എത്തിയത്. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ മോഡലിനു പുറമേ ടിവി ചാനൽ റിയാലിറ്റി ഷോ താരം, സിനിമ നിർമാതാക്കളുടെ സഹായിയായി പ്രവർത്തിക്കുന്ന യുവാവ് എന്നിവർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.