‘സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് അനാവശ്യ പരാമർശം നടത്തിയാൽ സ്വമേധയാ കേസെടുക്കും’

Mail This Article
ന്യൂഡൽഹി ∙ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി. വി.ഡി.സവർക്കറിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണ് സുപ്രീം കോടതി രാഹുൽ ഗാന്ധിക്കു മുന്നറിയിപ്പ് നൽകിയത്. കേസിൽ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് മൻമോഹനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മഹാരാഷ്ട്രയിൽ സവർക്കർ ആരാധിക്കപ്പെടുന്ന ആളാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ പ്രസ്താവനകൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നു ജസ്റ്റിസ് ദീപങ്കർ ദത്ത പറഞ്ഞു.
‘‘സവർക്കർക്കെതിരെ രാഹുൽ നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പരാമർശമാണ്. അവർ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിനു തിരിച്ച് പെരുമാറേണ്ടത് ഇങ്ങനെയാണോ?. രാഹുലിന്റെ മുത്തശ്ശി സവർക്കരെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ. ചരിത്രമോ ഭൂമിശാസ്ത്രമോ അറിയാതെ എങ്ങനെയാണ് ഇത്തരം പരാമർശം നടത്തുന്നത്. ഭാവിയിൽ ഇത്തരം പരാമർശം നടത്തിയാൽ സ്വമേധയാ കേസെടുക്കും.’’– സുപ്രീം കോടി പറഞ്ഞു.
2022 നവംബറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി സവർക്കറെ വിമർശിച്ചത്. സവർക്കർ ബ്രിട്ടിഷുകാരുടെ സേവകനായിരുന്നെന്നും അവരിൽനിന്നു പെൻഷൻ വാങ്ങിയിരുന്നു എന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകൾ വാർത്തസമ്മേളനത്തിൽ വിതരണം ചെയ്തെന്നു കാണിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് കേസ്. ലക്നൗവിലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച് സമർസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.