'ഒന്നുകില്‍ നമ്മുടെ വെള്ളം ഒഴുകും, അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തം'; ഭീഷണിയുമായി ബിലാവൽ ഭൂട്ടോ

Mail This Article
ഇസ്‌ലാമാബാദ്∙ സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി മുൻ പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദിയിലൂടെ ഒന്നുകിൽ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ മുന്നറിയിപ്പ്. ‘‘സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും," പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് ഭൂട്ടോയുടെ പ്രസ്താവന.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ചകൾ മറച്ചുവയ്ക്കാൻ ഭീകരാക്രമണം പാക്കിസ്ഥാനു മേൽ പഴിചാരുകയാണെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു. പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യയുടെ നടപടികൾ പാക്ക് നേതാക്കളെ ഏറെ പ്രകോപിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ഭൂട്ടോയുടെ പ്രസ്താവന.
പാക്കിസ്ഥാനോ രാജ്യാന്തര സമൂഹമോ അദ്ദേഹത്തിന്റെ (മോദിയുടെ) ‘യുദ്ധക്കൊതി’യോ സിന്ധു നദീജലം വഴിതിരിച്ചുവിടാനുള്ള ശ്രമമോ സഹിക്കില്ലെന്നും ഭൂട്ടോ പറഞ്ഞു. ‘‘ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു നാഗരികതയുടെ അവകാശികളാണെന്ന് അദ്ദേഹം (മോദി) പറയുന്നു, പക്ഷേ ആ നാഗരികത ലാർക്കാനയിലെ മോഹൻജൊദാരോയിലാണ്. ഞങ്ങൾ അതിന്റെ യഥാർഥ സംരക്ഷകരാണ്, അത് സംരക്ഷിക്കുക തന്നെ ചെയ്യും,’’– ഭൂട്ടോ പറഞ്ഞു.