എരുമക്കൊല്ലിയിലെ കൊലയാളി ആനയെ ഉൾവനത്തിലേക്ക് തുരത്തും, കുങ്കിയാനകളുമായി തിരച്ചിൽ

Mail This Article
മേപ്പാടി (വയനാട്) ∙ എരുമക്കൊല്ലിയിൽ വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള നീക്കം തുടർന്ന് വനംവകുപ്പ്. രണ്ടു കുങ്കിയാനകളുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് രണ്ടു സംഘമായി വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് പോയത്.
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ ബയോളജിസ്റ്റ്, 3 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ 2 വാച്ചർമാർ എന്നിവരുടെ സംഘം പൂളക്കുന്ന് കടൂർ ഭാഗങ്ങളിലാണ് ആനയെ നിരീക്ഷിക്കുന്നത്. മറ്റൊരു സംഘം പുഴമൂല ഭാഗത്തും ആനയെ നിരീക്ഷിക്കുന്നുണ്ട്.
പൂളക്കുന്ന് ഭാഗത്ത് സ്ഥിരമായി ആനക്കൂട്ടമുണ്ട്. ഇതിൽ മൂന്ന് ആനകൾ പ്രശ്നക്കാരാണെന്നാണ് വിവരം. അറുമുഖനെ കൊന്ന ആനയെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് വിവരം. ഈ ആനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ സാധിച്ചില്ലെങ്കിൽ മയക്കുവെടിവച്ചു പിടിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.
അതേസമയം, ബത്തേരി ചീരാലിൽ ഇറങ്ങിയ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. 10 ദിവസത്തിനിടെ രണ്ടു വളർത്തുമൃഗങ്ങളെയാണ് പുലി കൊന്നത്. പുലിയുടെ സാന്നിധ്യം സ്ഥിരമായതോടെയാണ് കൂടു സ്ഥാപിച്ചത്.