ഗവർണർ വിളിച്ച യോഗത്തിനെത്താതെ വൈസ് ചാൻസലർമാർ; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആർ.എൻ. രവി

Mail This Article
ചെന്നൈ ∙ സുപ്രീം കോടതി വിധിക്കു പിന്നാലെ സർവകലാശാല ചാൻസലർ പദവി നഷ്ടമായ ഗവർണർ ആർ.എൻ.രവി വിളിച്ചുചേർത്ത യോഗം സർക്കാരിനു കീഴിലുള്ള സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ബഹിഷ്കരിച്ചു. സർക്കാരിനു കീഴിലുള്ള 17 സർവകലാശാലകളുടെ വൈസ് ചാൻസലർമാരാണു യോഗത്തിൽനിന്നു വിട്ടുനിന്നത്. കേന്ദ്ര സർവകലാശാലകളുടെയും സ്വകാര്യ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ അടക്കം 9 പേർ മാത്രമാണു യോഗത്തിൽ പങ്കെടുത്തത്.
സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർമാരെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് അവർ യോഗത്തിൽനിന്നു വിട്ടുനിന്നതെന്നും ഗവർണർ ആരോപിച്ചു. ‘വൈസ് ചാൻസലർമാർ സമ്മേളനത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യം മുൻപൊരിക്കലും ഉണ്ടായിട്ടില്ല’– അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന ഗവർണറുടെ വാദം നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്നു ഡിഎംകെ വ്യക്തമാക്കി.
ഗവർണറുടെ അധ്യക്ഷതയിൽ നടന്ന യോഗം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് ഉദ്ഘാടനം ചെയ്തത്. ‘ദേശീയ താൽപര്യങ്ങളെ കക്ഷി താൽപര്യങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയില്ല. അത് എല്ലാറ്റിനുമുപരിയായിരിക്കണം. ഭീകരവാദം ഒരു ആഗോള ഭീഷണിയാണ്. അതിനെ ഒറ്റക്കെട്ടായി നേരിടാനാകണം’– അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ അവരവരുടെ ഭാഷക്കു പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതിനിടെ ഗവർണർ ആർ.എൻ.രവിക്കെതിരെ ഊട്ടിയിൽ പ്രതിഷേധിച്ച വിവിധ പാർട്ടി പ്രവർത്തകരായ 400 പേരെ അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ്, സിപിഐ, വിസികെ, പെരിയാർ ദ്രാവിഡ കഴകം, എസ്ഡിപിഐ തുടങ്ങിയ പാർട്ടികളിലെ പ്രവർത്തകരാണ് അറസ്റ്റിലായത്.