മോഡലും തസ്‍ലിമയും ഒന്നിച്ചു താമസിച്ചു, അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും; ഷൈനിനെയും ശ്രീനാഥ് ഭാസിയെയും നാളെ ചോദ്യം ചെയ്യും

Mail This Article
ആലപ്പുഴ ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ പ്രതികളെക്കുറിച്ചു കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നു. രാജ്യാന്തര തലത്തിൽ സ്വർണം, ലഹരി കടത്ത് നടത്തിയതായി വ്യക്തമായതോടെയാണു കേസിലെ ഒന്നാംപ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43), മൂന്നാം പ്രതിയും ഇവരുടെ ഭർത്താവുമായ ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) എന്നിവരെക്കുറിച്ചു കേന്ദ്ര ഏജൻസികൾ എക്സൈസിൽ നിന്നു വിവരം ശേഖരിച്ചത്.
പ്രതികൾ മലേഷ്യയിൽ നിന്നാണു ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വർണക്കടത്തു കേസിൽ 2017ൽ ഡൽഹിയിൽ അറസ്റ്റിലായ തസ്‌ലിമ തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. പിന്നീടും പലതവണ സ്വർണം കടത്തിയതായി എക്സൈസ് കണ്ടെത്തി. സ്വർണക്കടത്തിൽ എക്സൈസിനു നടപടി എടുക്കാനാകില്ല. അതേസമയം, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കൂടുതൽ വിവരം ലഭിച്ചാൽ അവർക്കു കേസെടുക്കാം.
പ്രതികളുടെ ചോദ്യം ചെയ്യൽ കഴിഞ്ഞതോടെ, ഇവരുമായി ഇടപാടുകൾ നടത്തിയവരുടെ മൊഴി എടുക്കുകയാണ് അന്വേഷണ സംഘം. സിനിമാ മേഖലയിലെ ചിലരെ ഉൾപ്പെടെ ഇന്നലെ എറണാകുളത്ത് കണ്ട് മൊഴിയെടുത്തു. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ പറഞ്ഞു.
നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്കും പാലക്കാട് സ്വദേശിയായ വനിതാ മോഡലിനും നാളെ ചോദ്യം ചെയ്യലിനു ഹാജരാകാനാണു നോട്ടിസ് നൽകിയിട്ടുള്ളത്. മോഡലും തസ്‍ലിമയും ഒന്നിച്ചു താമസിച്ചിരുന്നതായി സൂചനയുണ്ട്. നടൻമാരിൽ നിന്നു മോഡലിന്റെ അക്കൗണ്ടിലേക്കും അവിടെ നിന്നു തസ്‌ലിമയുടെ അക്കൗണ്ടിലേക്കുമായി പണം കൈമാറിയിട്ടുള്ളതു ലഹരി ഇടപാടിലാണെന്നാണു നിഗമനം.