ADVERTISEMENT

ആലപ്പുഴ ∙ പഹൽഗാം ഭീകരാക്രമണത്തിൽ നടപടി സ്വീകരിക്കാതെ അക്രമികളെ വെറുതേ വിടില്ലെന്നു ഗർജിക്കുക മാത്രം ചെയ്യുന്നതിലൂടെ അക്രമികൾക്കു കടന്നുകളയാനുള്ള സമയം കിട്ടിയെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. നിയമ സഹായവേദി ജില്ലാ സമിതി രൂപീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്രമണമുണ്ടായി ഇത്രയും ദിവസമായിട്ടും നടപടി സ്വീകരിക്കാനായില്ല.

നയതന്ത്ര തീരുമാനങ്ങൾ ഡൽഹിയിൽ ഇരുന്നു ചെയ്യാവുന്നതല്ലേ ഉള്ളൂ. തിരിച്ചടിക്കാൻ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോ. രാജ്യരക്ഷ നിയമപരമായി തന്നെ നടപ്പാക്കണം. രാജ്യത്ത് എല്ലാ മതങ്ങളും ദയനീയമായി പരാജയപ്പെടുകയാണ്. കൂടുതൽ പണം നൽകുന്നവർക്കു കൂടിയ പൂജ ചെയ്യാവുന്ന സ്ഥിതിയാണ്. തങ്ങളെക്കാൾ വലിയ ആളുകളായാണു രാഷ്ട്രീയക്കാർ മതനേതാക്കളെ കാണുന്നത്. എന്നിട്ടും എന്തുകൊണ്ടു മതനേതാക്കൾക്കു സമാധാനം കൊണ്ടുവരാനാകുന്നില്ല. മതനേതാക്കൾ, അവരോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ നല്ല മന്ത്രിയാണെന്നു പറയുന്നതെന്നും സുധാകരൻ പറഞ്ഞു.

‘‘ഭീകരർ രാജ്യത്തിനകത്തു ദീർഘകാലമായി താമസിച്ചു വന്നു കൊന്നിട്ടു പോയി. സുരക്ഷയുടെ കാര്യത്തിൽ ചെറിയ വീഴ്ചയല്ല ഉണ്ടായത്. എന്നിട്ടും അതിന്റെ ധാർമിക ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കുമ്പോൾ ബന്ധുക്കൾ കരയുന്നതു മനസ്സിലാക്കാം. രാഷ്ട്രീയക്കാർ എന്തിനാണു കരയുന്നത്. മൃതദേഹത്തോടു പരമാവധി ചേർന്നു നിന്നു ചിത്രം വരുത്താനാണു പല രാഷ്ട്രീയക്കാരുടെയും ശ്രമം. അതിനപ്പുറമുള്ള കാഴ്ചപ്പാട് രാഷ്ട്രീയക്കാർക്ക് ഇല്ല.

രാജ്യത്തു ജനാധിപത്യം സമ്പൂർണമല്ല. ജനപ്രതിനിധിക്കു കുറഞ്ഞത് 50% വോട്ട് വേണമെന്നു പറയുന്നില്ലെന്നതാണു ഭരണഘടനയിലെ വലിയ വീഴ്ച. ഇവിടത്തെ എത്ര ജനപ്രതിനിധികൾക്ക് 50% വോട്ട് ഉണ്ടെന്നു നോക്കണം. പരിഷ്കൃത രാജ്യങ്ങളിലെപ്പോലെ കുറഞ്ഞത് 51% വോട്ട് കിട്ടിയാലേ ജയിക്കൂ എന്നു ഭേദഗതി ചെയ്യണം. നിസ്വാർഥമായ പ്രവർത്തനം നടത്തുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയാൽ തനിക്കെന്തു ലഭിക്കുമെന്നാണു നോക്കുന്നത്.’’ – സുധാകരൻ പറഞ്ഞു. 

രാജ്യത്തു ജ‍ഡ്ജിമാരെയും ജനങ്ങൾ വോട്ടു ചെയ്തു തിരഞ്ഞെടുക്കണം. സർക്കാരിനെ തിരഞ്ഞെടുക്കാമെങ്കിൽ അതിലേറെ അധികാരമുള്ള കോടതികളെയും തിരഞ്ഞെടുക്കാം. കോടതികളിൽ ഒട്ടേറെ കേസുകൾ കെട്ടിക്കിടക്കുന്നു. സുപ്രീം കോടതി എന്തുകൊണ്ട് ഇടപെടുന്നില്ല. വേണമെങ്കിൽ കൂടുതൽ ജഡ്ജിമാരെ നിയമിക്കുകയോ സ്പെഷൽ കോടതികൾ ആരംഭിക്കുകയോ ചെയ്യണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനു പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രണ്ടു പരാതി നൽകി. എന്തു നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചിട്ടില്ല. അധിക്ഷേപിച്ചവർ മാപ്പു പറഞ്ഞെന്നു മാത്രം പറഞ്ഞു. എഫ്ഐആർ പോലും കിട്ടിയില്ല. നാലു തവണ എംഎൽഎയായ തന്റെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്നും സുധാകരൻ ചോദിച്ചു.

English Summary:

Sudhakaran Slams Government: G. Sudhakaran criticizes India's response to the Pahalgam terror attack, highlighting security lapses and questioning the government's inaction. He also slams the state of religion, democracy, and the judicial system, calling for reforms.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com