‘എന്റെ ഹൃദയത്തിലെ അഗാധമായ വേദന, രാജ്യം ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടും; ലോകം മുഴുവൻ ഇന്ത്യയ്ക്കൊപ്പം’

Mail This Article
ന്യൂഡൽഹി ∙ പഹൽഗാമം ഭീകരാക്രമണം തന്റെ ഹൃദയത്തിലെ അഗാധമായ വേദനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും പഹൽഗാം ഭീകരാക്രമണത്തിന് എതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലാണ് മോദിയുടെ പരാമർശം.
ഭീകരാക്രമണം പാക്കിസ്ഥാന്‍റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമത്തിനുശേഷം ഇന്ത്യയിൽ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ച് സംസാരിച്ചു. ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
തീവ്രവാദികളും അവരുടെ രക്ഷാധികാരികളും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നത്. ഭീകരാക്രമണത്തിനു ശേഷം ലോകമെമ്പാടും നിന്ന് അനുശോചനപ്രവാഹമാണ്. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകുന്നു. ആക്രമണത്തിൽ പങ്കെടുത്തവർക്കും ഗൂഢാലോചന നടത്തിയവർക്കും ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.