കശ്മീരിൽ നിരീക്ഷണം ശക്തമാക്കി: 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഐബി; സഹായം നൽകിയവർ കസ്റ്റഡിയിൽ

Mail This Article
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരർക്കെതിരെയും സഹായം നൽകിയവർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച് സുരക്ഷാ സേന. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ബ്യൂറോ 14 ഭീകരരുടെ പട്ടിക തയാറാക്കി. ഐബിയുടെ പട്ടികയിലുള്ളവരെല്ലാം 20നും 40നും ഇടയിൽ പ്രായമുള്ളവരും പാക്കിസ്ഥാനിൽനിന്നു സഹായം ലഭിക്കുന്നവരുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പാക്ക് പിന്തുണയുള്ള മൂന്നു പ്രധാന ഭീകര സംഘടനകളായ ഹിസ്ബുൽ മുജാഹിദീൻ, ലഷ്കറെ തയിബ (എൽഇടി), ജയ്ഷെ മുഹമ്മദ് (ജെഇഎം) എന്നിവയുമായി ബന്ധമുള്ളവരാണെന്ന് റിപ്പോർട്ടുണ്ട്. ഇവരിൽ മൂന്നു പേർ ഹിസ്ബുൽ മുജാഹിദീനുമായും എട്ടുപേർ എൽഇടിയുമായും മൂന്നുപേർ ജയ്‌ഷെ മുഹമ്മദുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്.
ആദിൽ റഹ്മാൻ ഡെന്റൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്‌സൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നസീർ (20), ആമിർ നസീർ വാനി (20), യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖന്ദായ് (24), നസീർ അഹമ്മദ് വാനി (21) ഷാഹിദ് അഹമ്മദ് (27), ആമിർ അഹമ്മദ് ദർ, അദ്നാൻ ശാഫി ദർ, സുബൈർ അഹമ്മദ് വാനി (39), ഹാറൂൺ റാഷിദ് ഗാനി (32), സക്കീർ അഹമ്മദ് ഗാനി (29) എന്നിവരാണ് ഐബി പട്ടികയിലുള്ളത്.
പട്ടികയിൽ ഉൾപ്പെടുന്നവരുടെ 11 വീടുകൾ ഇതിനോടകം സുരക്ഷാ സേന തകർത്തു. അനന്ത് നാഗിനും പുൽവാമയ്ക്കും പിന്നാലെ ശ്രീനഗറിൽ വ്യാപക തിരച്ചിൽ നടക്കുകയാണ്. ഭീകരർക്കു സഹായം നൽകി അറുപതിലധികം പേരെയും കസ്റ്റഡിയിൽ എടുത്തു.