ADVERTISEMENT

തിരുവനന്തപുരം ∙ തിരുവനന്തപുരം വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തി. തലസ്ഥാനത്തെ മൂന്നു നക്ഷത്ര ഹോട്ടലുകൾക്ക് ഇന്നലെ ബോംബ് ഭീഷണിയുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ ഹിൽട്ടൻ, ഗോകുലം ഗ്രാന്റ്സിന്റെ ആക്കുളത്തെയും കോവളത്തെയും ഹോട്ടലുകൾ എന്നിവയ്ക്കാണു ബോംബ് ഭീഷണി ഉണ്ടായത്.

ഹോട്ടൽ ഹിൽട്ടനിൽ കന്റോൺമെന്റ് പൊലീസും ആക്കുളത്തെ ഹോട്ടലിൽ തുമ്പ പൊലീസും കോവളത്തെ ഹോട്ടലിൽ കോവളം പൊലീസും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയായിരുന്നു പരിശോധന. അത്യാഹിതം ഉണ്ടായാൽ നേരിടാൻ അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകളെയും സജ്ജമാക്കിയിരുന്നു. 

താമസക്കാരുടെ ലഗേജുകളും വാഹനങ്ങളും ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കി. സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫിസുകൾക്കും ഹോട്ടലുകൾക്കും എതിരായ വ്യാജ ബോംബ് ഭീഷണി പരമ്പരയുടെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞു. തമ്പാനൂരിലെ ഹോട്ടൽ ഹൈസിന്തിന്റെ ഇമെയിലിൽ ആണ് ഹോട്ടൽ ഹിൽട്ടനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വന്നത്. 

വെള്ളിയാഴ്ച വഞ്ചിയൂരിലെ ജില്ലാ കോടതിക്കു നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. ബോംബ് വച്ചിട്ടുണ്ടെന്നും വൈകിട്ട് സ്ഫോടനം നടക്കുമെന്നും ആണ് കോടതിയുടെ ഔദ്യോഗിക മെയിലിൽ എത്തിയ ഭീഷണി സന്ദേശം. 15നും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. 

നഗരത്തിൽ 8 മാസത്തിനിടയിൽ വ്യാജ ബോംബ് ഭീഷണിയിൽ വലഞ്ഞത് സെക്രട്ടേറിയറ്റും കലക്ടറേറ്റും ഉൾപ്പെടെ 14 സ്ഥാപനങ്ങളാണ്. ബോംബ് ഭീഷണി പതിവായിട്ടും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിനായിട്ടില്ല. വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് 5 കേസുകളാണ് സൈബർ ക്രൈം പൊലീസ് രണ്ട് മാസത്തിനിടയിൽ റജിസ്റ്റർ ചെയ്തത്.

English Summary:

Thiruvananthapuram Airport bomb threat sparked a major security operation. Police conducted thorough searches at the airport and several hotels after receiving email threats, but no explosives were found.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com