തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി അധികൃതർ

Mail This Article
തിരുവനന്തപുരം ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ലഭിച്ച പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ‘‘സുരക്ഷാ ഏജൻസികളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബോംബ് ഭീഷണി ബാധിച്ചിട്ടില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്’’ – തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വാക്താവ് അറിയിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് എയർപോർട്ട് മാനേജരുടെ മെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം എത്തുന്നത്. ഉടൻ സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. തുടർന്ന്, ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിമാനത്താവളത്തിൽ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്നാണ് നിലവിലെ നിഗമനം.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.