ADVERTISEMENT

ആലപ്പുഴ ∙ രണ്ടു കോടി രൂപയുടെ ഹൈബ്രി‍‍‍ഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടൻ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, മോഡലായ പാലക്കാട് സ്വദേശിനി കെ.സൗമ്യ എന്നിവർ മൊഴി നൽകാൻ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ഇവരോട് ഇന്ന് ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിലെത്തി മൊഴി നൽകാനാണു നോട്ടിസ് നൽകിയത്. രാവിലെ 10 നു ചോദ്യം ചെയ്യൽ ആരംഭിക്കും. ആലപ്പുഴ അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാറിൻ്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യൽ.

മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഷൈൻ പ്രതികരിച്ചില്ല. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത്. ബെംഗളൂരുവിൽ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലാണ് ഷൈൻ. അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചോളാമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ശ്രീനാഥ് ഭാസി മറുപടി നൽകിയത്. 

ടെലിവിഷൻ റിയാലിറ്റി ഷോ താരമായ ജിന്റോ, സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവർക്ക് നാളെ മൊഴി നൽകാൻ എത്താൻ നോട്ടിസ് നൽകിയിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43) നടന്മാരും മോഡലുമായി ഫോൺവിളി നടത്തിയെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഇവരുമായി തസ്‍ലിമയ്ക്കു സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തി. ലഹരി ഇടപാടിന്റെ ഭാഗമായാണോ സാമ്പത്തിക ഇടപാട് നടന്നതെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായേക്കും.

മറ്റൊരു കേസിൽ കൊച്ചിയിൽ പിടിയിലായ ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവ് കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതായി സൂചനകളുണ്ട്. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഒരു പ്രമുഖ നടനുവേണ്ടിയാണെന്നാണു സൂചന. ഇതിന്റെ നിജസ്ഥിതിയും ചോദിച്ചറിയും. നടന്മാരെയും മോഡലിനെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തേക്കും. ഇതിനായി പ്രത്യേക ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്.

English Summary:

Hyrid Cannabis Case : Hybrid Cannabis case unfolds in Alappuzha, with prominent Malayalam actors summoned for questioning. The investigation centers around financial transactions and potential connections to a large drug smuggling operation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com