ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ പരാതി; കേന്ദ്ര വിജിലൻസ് കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് കൈമാറി

Mail This Article
കോട്ടയം ∙ കേരളത്തിൽ പിഎം-അജയ് (പ്രധാനമന്ത്രി അനുസൂചിത ജാതി അഭിയാൻ യോജന) ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പരാതി സെൻട്രൽ വിജിലൻസ് കമ്മിഷൻ (സിവിസി) ചീഫ് സെക്രട്ടറിക്ക് കൈമാറി. സെൻട്രൽ വിജിലൻസ് കമ്മിഷന് കൊല്ലം സ്വദേശി ജെ. ബെൻസി സമർപ്പിച്ച പരാതിയിലാണ് നടപടി. കേന്ദ്ര ഫണ്ട് വിനിയോഗം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നതിനാൽ സിവിസിയുടെ നേരിട്ടുള്ള അധികാരപരിധിക്ക് പുറത്താണെന്ന് 2025 ഏപ്രിൽ 11-ന് കമ്മിഷൻ അയച്ച കത്തിൽ പറയുന്നു.
പട്ടികജാതി സമുദായങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള കേന്ദ്ര ക്ഷേമ പദ്ധതികളുടെ നടത്തിപ്പിൽ 58.25 കോടിയുടെ അഴിമതി നടത്തിയതായി പരാതിയിൽ പറയുന്നു. നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കെ. ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതി. പിഎം-അജയ് പദ്ധതിയുടെ കീഴിൽ ഉള്ള പണം വ്യാജമായ പരിശീലന പദ്ധതികൾ, കൃത്രിമ രേഖകൾ, ബെനാമി സ്ഥാപനങ്ങൾ എന്നിവയിലൂടെ ദുരുപയോഗം ചെയ്യപ്പെട്ടതായി പരാതിയിൽ ആരോപിക്കുന്നു.
മത്സരാധിഷ്ഠിതമായ ടെൻഡർ നടത്താതെ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയെന്നാണ് പരാതിയിലെ ആരോപണം. പദ്ധതിയുടെ കീഴിൽ നൽകിയ പരിശീലനത്തിന്റെ ഗുണനിലവാരവും പ്രസക്തിയും സംബന്ധിച്ചും പരാതിയിലുണ്ട്. നിലവിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ജയതിലക്. 30ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിരമിക്കുന്നതോടെ ജയതിലക് ചീഫ് സെക്രട്ടറിയായി ചുമതല എടുക്കും.