‘സിപിഎമ്മും കോൺഗ്രസും തമ്മിൽ രഹസ്യ ഇടപാട്’; മുന്നണി ബന്ധം തകർന്നെന്ന് സിപിഐ, ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യം

Mail This Article
മൂന്നാർ ∙ രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ തൃപ്തിയില്ലെന്നും ദേവികുളം മണ്ഡലത്തിൽ സിപിഎം-കോൺഗ്രസ് നേതാക്കളുടെ അവിശുദ്ധ ബന്ധംമൂലം മണ്ഡലത്തിൽ എൽഡിഎഫ് മുന്നണി ബന്ധം തകർന്നതായും സിപിഐയുടെ പ്രവർത്തന റിപ്പോർട്ട്. മൂന്നു ദിവസമായി മൂന്നാറിൽ നടന്ന മണ്ഡലം സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് കോൺഗ്രസ്, സിപിഎം നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
റിപ്പോർട്ടിന്റെ 7, 15, 20 പേജുകളിലാണ് നേതാക്കൾ തമ്മിലുള്ള രഹസ്യ ബന്ധങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നത്. സിപിഐയുടെ ഒരാവശ്യങ്ങൾക്കും എംഎൽഎയും മുതിർന്ന നേതാക്കളും സഹകരിക്കാറില്ല. എന്നാൽ സിപിഎം നേതാക്കൾ കോൺഗ്രസ് നേതാവ് എ.കെ.മണിയുമായി ചേർന്ന് പല രഹസ്യ ഇടപാടുകളും നടത്തുകയാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.ശശിയുടെ പേരെടുത്ത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ ആവശ്യങ്ങൾക്കായാണ് സിപിഎം നേതാക്കൾ നിലകൊള്ളുന്നത്. ഇക്കാരണത്താൽ ദേവികുളം മണ്ഡലത്തിലെ എൽഡിഎഫ് മുന്നണി ബന്ധം തകർന്നു.
തിരഞ്ഞെടുപ്പുവേളകളിൽ മാത്രം എൽഡിഎഫ് ബന്ധം മതിയെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഐ തനിച്ചു മത്സരിക്കാനാണ് താൽപര്യപ്പെടുന്നത്. പ്രവർത്തകർക്കും നേതാക്കൾക്കും ഇതേ അഭിപ്രായമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.