തിരുവനന്തപുരം∙ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ റാപ്പർ വേടന്റെ സംഗീത പരിപാടിക്ക് ആരാധകരേറെ. ബുധനാഴ്ച ഇടുക്കിയിലെ സർക്കാരിന്റെ വാർഷികാഘോഷത്തിൽ നിന്ന് വേടനെ ഒഴിവാക്കിയെങ്കിലും സംസ്ഥാന സർക്കാർ പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ഇയാൾ. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നിശാഗന്ധിയിൽ നടന്ന സഹകരണ എക്സ്പോയിലും വേടന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിനും ഉൾക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് ഒഴുകിയെത്തിയത്.

തിയറ്ററുകളിൽ നിറഞ്ഞോടുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഖാലിദ് റഹ്മാൻ കഞ്ചാവ് കേസിൽ പിടിയിലായതിനു പിന്നാലെയാണ് കേരളത്തിന്റെ യുവത്വത്തിനെ കാർന്നുതിന്നുന്ന ലഹരി കേസിൽ മറ്റൊരു ‘സെലിബ്രിറ്റി’ കൂടി അറസ്റ്റിലാകുന്നത്. അടുത്തിടെ നടന്ന സ്റ്റേജ് ഷോകൾക്കിടെ രാസലഹരിക്കെതിരെ വേടൻ സംസാരിച്ചതും അറസ്റ്റിനോടൊപ്പം ചർച്ചയാകുന്നുണ്ട്.

വേടന്റെ പരിപാടി കാണാൻ നിശാഗന്ധിയിൽ തടിച്ചുകൂടിയ യുവാക്കൾ അന്ന് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പാകിയിരുന്ന ഓട് വരെ തകർത്തിരുന്നു. ഓടിനു മുകളിൽ കയറി പരിപാടി കാണാൻ ശ്രമിച്ചതാണ് ഇതിനുകാരണമായത്. വേദിയിലെ പല കസേരകളും തള്ളിക്കയറ്റത്തിൽ തകർന്നു. ഓടിനു മുകളിൽ കയറി നിന്നവരോട് മുകളിൽനിന്ന് ഇറങ്ങണമെന്ന് പരിപാടി നിർത്തിവച്ചാണ് വേടൻ ആവശ്യപ്പെട്ടത്. 

നിശാഗന്ധി ഓഡിറ്റോറിയം മറയ്ക്കാൻ ഉപയോഗിച്ചിരുന്ന തകര ഷീറ്റുകൾ പൊളിക്കാനുള്ള ശ്രമവും വേടന്റെ ആരാധകർ നടത്തിയിരുന്നു. ഇതിനിടെ പലരും താഴെ വീണു. കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി വേടനെ കാണാൻ അവിടെയെത്തി പെട്ടുപോയ മുതിർന്നവരും ഉണ്ടായിരുന്നു. ഉൾക്കൊള്ളാവുന്നതിൽ അധികം ആൾക്കാരെ ഓഡിറ്റോറിയത്തിലേക്കു കയറ്റിയതിനും യാതൊരു മുന്നൊരുക്കം നടത്താത്തതിലും സർക്കാരും അന്ന് പഴികേട്ടിരുന്നു.

English Summary:

Vedan Arrest in Cannabis Case: Vedan's arrest for drug possession has shocked Kerala. Despite facing legal trouble, the rapper's concerts continue to draw huge crowds, highlighting concerns about drug use among young people.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com