ADVERTISEMENT

ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും യുഎസിന്റെ പ്രസിഡന്റായി നൂറു ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2025 ജനുവരി 20ന് അധികാരമേറ്റ ട്രംപ് അതിനു മുന്‍പു തന്നെ ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങളാല്‍ ലോകക്രമത്തെ മുഴുവന്‍ മാറ്റി മറിച്ചു. ട്രംപിന്റെ ഓരോ ട്വീറ്റിലും ലോകവിപണി താറുമാറാകുന്നതും ട്രംപിനെ കേട്ടിട്ടുപോലുമില്ലാത്ത സാധാരണക്കാരുടെ ജീവിതത്തെപ്പോലും പിടിച്ചുകുലുക്കി സ്വര്‍ണവില സര്‍വകാല റെക്കോർഡ് ഭേദിച്ചു മുന്നേറുന്നതും നാം കണ്ടു.

എന്നാല്‍ അധികാരത്തില്‍ നൂറുദിവസം പിന്നിടുമ്പോള്‍ ട്രംപിന്റെ ജനപ്രീതി കുറയുന്നെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. 41% പേരുടെ പിന്തുണ മാത്രമാണ് ട്രംപിനുള്ളതെന്ന് സിഎന്‍എന്‍ നടത്തിയ സര്‍വേ പറയുന്നു. 70 വര്‍ഷത്തിനിടെ ഒരു യുഎസ് പ്രസിഡന്റിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ റേറ്റിങ്ങാണിത്. മുന്‍പില്ലാത്തവിധം ലോകത്തെ താരിഫ് യുദ്ധത്തിലേക്ക് തള്ളിവിട്ട, യുഎസ് പല വിദേശരാജ്യങ്ങൾക്കും നൽകിവന്നിരുന്ന സഹായങ്ങള്‍ ഒറ്റയടിക്ക് റദ്ദാക്കിയ, നാറ്റോ സഖ്യത്തോട് കൂട്ടുവെട്ടിയ, ഗ്രീന്‍ലന്‍ഡിനെയും പാനമയെയും പിടിച്ചെടുക്കുമെന്നും കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കുമെന്നും പ്രഖ്യാപിച്ച 100 ദിനങ്ങള്‍. യുഎസ് പ്രസിഡന്റ് സ്ഥാനത്തെ ട്രംപിന്റെ നൂറു ദിനങ്ങള്‍; അമ്പരിപ്പിച്ച പ്രഖ്യാപനങ്ങള്‍.

∙ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍

ട്രംപ് അധികാരത്തിലെത്തുന്നതിന് ഒരു ദിവസം മുന്‍പ് ജനുവരി 19നാണ് 15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചത്. താന്‍ അധികാരത്തിലെത്തുന്നതിനു മുന്‍പ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ മുച്ചൂടും മുടിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ വേഗത്തിലായതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മറ്റു ബന്ദികളെക്കൂടി ഉടന്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇസ്രയേല്‍ രംഗത്തെത്തിയതോടെ മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടു. നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതിനിടെ ഗാസയെ യുഎസ് ഏറ്റെടുക്കാമെന്നും കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കുമെന്നും പലസ്തീന്‍ പൗരന്മാര്‍ ഈജിപ്തിലോ ജോര്‍ദാനിലോ പോകണമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയും വലിയ വിവാദമായി.

trump-card
trump-card1
trump-card2
trump-card3
trump-card5
trump-card4
trump-card8
trump-card10
trump-card9
trump-card6
trump-card7
trump-card
trump-card1
trump-card2
trump-card3
trump-card5
trump-card4
trump-card8
trump-card10
trump-card9
trump-card6
trump-card7

∙ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലെ നിലപാടുമാറ്റം

റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ പതിറ്റാണ്ടായി യുക്രെയ്‌നിനൊപ്പം നിലകൊണ്ട യുഎസ് ട്രംപിന്റെ വരവോടെ യുക്രെയ്‌നിനെ കൈവിട്ടു. യുക്രെയ്ന്‍ തോല്‍വിയുടെ വക്കിലാണെന്നും റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുവേണമെന്ന വാശി ഉപേക്ഷിക്കണമെന്നുമാണ് ട്രംപ് യുക്രെയ്‌നിനോട് പറഞ്ഞത്. യുക്രെയ്‌ന് അതുവരെ നല്‍കിയ സഹായങ്ങള്‍ക്കു പകരം യുക്രെയ്‌നിന്റെ ധാതു സമ്പത്തില്‍നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനമാണ് ട്രംപ് ആവശ്യപ്പെട്ടത്. വൈറ്റ്ഹൗസില്‍ ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ച അലസിപ്പിരിയുകയും പിന്നീട് യുക്രെയ്‌നുള്ള എല്ലാ സൈനികസഹായവും ട്രംപ് നിര്‍ത്തലാക്കുകയും ചെയ്തു. തുടര്‍ന്ന് സെലന്‍സ്‌കി മാപ്പു പറഞ്ഞതോടെ സഹായം പുനഃസ്ഥാപിച്ചു. നിലവില്‍ വെടിനിര്‍ത്തലിനായി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്; അതും യുക്രെയ്‌ന്റെ അസാന്നിധ്യത്തില്‍.

∙ അനധികൃത കുടിയേറ്റക്കാർക്ക് ചങ്ങലപ്പൂട്ട്

യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുമെന്ന പ്രഖ്യാപനം അധികാരത്തിലേറിയ ദിവസം മുതൽ ട്രംപ് നടപ്പാക്കിത്തുടങ്ങി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചയയ്ക്കൽ പദ്ധതി നടപ്പാക്കുമെന്നായിരുന്നു ട്രംപിന്റെ വാക്ക്. എന്നാൽ അനധികൃത കുടിയേറ്റക്കാരെ മനുഷ്യത്വരഹിതമായി കൈകാലുകളിൽ ചങ്ങലയിട്ട് സൈനികവിമാനങ്ങളിൽ നാടുകളിലേക്കയച്ച നടപടി വലിയ വിമർശനങ്ങളേറ്റു വാങ്ങി. അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റാനുള്ള തീരുമാനവും വിവാദമായി.

∙ പാനമ കനാല്‍ തിരിച്ചുപിടിക്കും, ഗ്രീന്‍ലന്‍ഡിനെ വിലയ്ക്കു വാങ്ങും

പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണകാലം മുതല്‍, പാനമ കനാല്‍ പാനമയില്‍നിന്നു തിരികെപ്പിടിക്കുമെന്നായിരുന്നു ട്രംപിന്റെ നിലപാട്. യുഎസ് നല്‍കിയ സമ്മാനം പാനമ ദുരുപയോഗം ചെയ്യുന്നെന്നും അമേരിക്കയുടെ നാവികക്കപ്പലുകൾക്ക് ഉൾപ്പെടെ വലിയ നിരക്കാണ് ചുമത്തുന്നതെന്നും കനാല്‍ നിയന്ത്രിക്കുന്നത് ചൈന ആണെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. കനാല്‍ തിരിച്ചുനല്‍കില്ലെന്ന് പാനമ മറുപടി പറയുകയും ചെയ്തു. യുഎസിന്റെ കപ്പലുകളെ പാനമ, സൂയസ് കനാലുകളിലൂടെ സൗജന്യമായി കടത്തിവിടണമെന്നാണ് ട്രംപ് ഏറ്റവും ഒടുവില്‍ ആവശ്യപ്പെട്ടത്.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് യുഎസിനു വേണമെന്ന ട്രംപിന്റെ പ്രഖ്യാപനവും വലിയ വിവാദമായി. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡും സാമ്പത്തിക സുരക്ഷയ്ക്ക് പാനമ കനാലും വേണമെന്നാണ് ട്രംപ് പറഞ്ഞത്. യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയിലെ തന്ത്രപ്രധാന സ്ഥാനത്തുള്ള ഗ്രീന്‍ലന്‍ഡ് റഷ്യയെ പ്രതിരോധിക്കാനുള്ള സന്നാഹമൊരുക്കാന്‍ യുഎസിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അവിടുത്തെ ധാതുസമ്പത്തിലും ട്രംപിന് കണ്ണുണ്ട്.

∙ താരിഫ് യുദ്ധം അഥവാ പകരച്ചുങ്കം

യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വലിയ തീരുവ ചുമത്തുന്നുവെന്ന് ആരോപിച്ച് ട്രംപ് പകരച്ചുങ്കമേർപ്പെടുത്തി. മറ്റൊരു രാജ്യത്തേക്കുള്ള കയറ്റുമതിക്ക് ചുമത്തുന്ന തീരുവയ്ക്ക് ആനുപാതികമായി ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്തുന്ന രീതിയാണ് പകരച്ചുങ്കം. ചൈന, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിട്ടത്. ഇതിൽ ചൈനയ്ക്ക് ചുമത്തിയത് 245 % ഇറക്കുമതിത്തീരുവയാണ്; ഇന്ത്യയ്ക്ക് 26 ശതമാനവും. തീരുവ പ്രഖ്യാപനങ്ങള്‍ ആഗോള വിപണിയിൽ വൻ ചലനങ്ങളാണുണ്ടാക്കിയത്.

∙ യുഎസ് എയ്ഡിന് അവസാനം

വിദേശരാഷ്ട്രങ്ങൾക്ക് സഹായധനം നൽകുന്ന യുഎസ് എയ്ഡ് (യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ്) പദ്ധതി ട്രംപ് റദ്ദാക്കി. ഇതോടെ എയ്ഡ്സ് നിയന്ത്രണത്തിനും മറ്റുമായി ലോകാരോഗ്യ സംഘടനയ്ക്കും യുഎന്നിനും ഉൾപ്പെടെ നൽകി വന്നിരുന്ന സഹായമാണ് 90 ശതമാനവും നിർത്തലാക്കിയത്.

English Summary:

Donald Trump second phase 100 days in office were defined by controversial decisions: Trump's second 100 days in office were defined by controversial decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com