ADVERTISEMENT

തിരുവനന്തപുരം∙ ലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ മെഗാ സൂംബ പരിപാടിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ചുവപ്പു ടീഷര്‍ട്ട് നല്‍കിയതിനെ ചൊല്ലി വിവാദം. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. ബുധനാഴ്ച തിരുവനന്തപുരത്തു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മെഗാ സൂംബയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈമാറിയ ചുവപ്പ് ടീ ഷര്‍ട്ടിലാണ് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ‘പഠനമാണ് ലഹരി - നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

വിദ്യാഭ്യാസ മേഖലയില്‍ ലഹരിക്കെതിരെ നടത്തുന്ന പരിപാടികള്‍ ചുവപ്പുവല്‍ക്കരിക്കാനും രാഷ്ട്രീയ വത്കരിക്കാനുമുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലാണ് 1500 കുട്ടികളെ ഉള്‍പ്പെടുത്തി മെഗാ സൂംബ നടത്തുന്നത്. ഇതിനായുള്ള ടീഷര്‍ട്ട് ചുവപ്പു നിറമാക്കി മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സര്‍ക്കാർ നീക്കം അപലപനീയമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി വ്യക്തമാക്കി.

എസ്എസ്എല്‍സി പരീക്ഷാഫല തീയതി പ്രഖ്യാപനത്തിനായി ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത വാർത്താസമ്മേളനത്തിൽ വിദ്യാര്‍ഥികളെ ഈ ടീഷര്‍ട്ട് അണിയിച്ചാണ് പങ്കെടുപ്പിച്ചത്. വരാന്‍പോകുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളെ ലക്ഷ്യംവച്ചുള്ള ഇത്തരം ആസൂത്രിത നീക്കങ്ങള്‍ വിവിധ മേഖലകളിലെന്നപോലെ കുട്ടികളെ ഉള്‍പ്പെടുത്തി വിദ്യാഭ്യാസമേഖലയിലും നടത്തുന്നത് വളരെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് കൈമാറുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കുട്ടികളെയും വിദ്യാലയങ്ങളെയും ഉപയോഗപ്പെടുത്തുന്ന ഇത്തരം മോശം പ്രവര്‍ത്തനങ്ങളില്‍നിന്നു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പിന്മാറാത്തപക്ഷം ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും സംഘടന അറിയിച്ചു. 

പുതിയ അധ്യയന വര്‍ഷം മുതല്‍ കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതും അധ്യാപക വിദ്യാർഥി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് ക്ലാസ് തുടങ്ങും മുന്‍പ് മൂന്നു മിനിറ്റ് നേരം അധ്യാപകര്‍ സുംബ നൃത്തച്ചുവടുകള്‍ വയ്ക്കണമെന്നും അതിനുള്ള പരിശീലനം അവധിക്കാല ട്രെയിനിങ്ങില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എട്ടാം ക്ലാസിലെ കലാ വിദ്യാഭ്യാസ പാഠപുസ്തകത്തില്‍ സൂംബ നൃത്തം ഉള്‍പ്പെടുത്തിയതായി എസ്‌സിഇആര്‍ടി വ്യക്തമാക്കുകയും ചെയ്തു. ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്യപ്പെടുന്ന ഈ നൃത്ത പരിപാടിയുടെ ലോഞ്ചിങ് ആണ് 1500 കുട്ടികളെ ഉള്‍പ്പെടുത്തി ബുധനാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

English Summary:

Zumba T-shirt Controversy: Chief Minister's image T-shirts distributed at children's anti-drug Zumba event sparks controversy in Kerala. The KPSTA criticizes the government's alleged politicization of the event, raising concerns about using children for political gain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com