ഹെഡ്ഗേവാർ വിവാദം; പാലക്കാട് നഗരസഭയിൽ ഭരണ– പ്രതിപക്ഷ കൗൺസിലർ ഏറ്റുമുട്ടി

Mail This Article
പാലക്കാട് ∙ നഗരസഭയിൽ ഭരണ – പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി. പുതിയ ഭിന്നശേഷി സൗഹൃദകെട്ടിടത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിന്റെ പേരിലാണ് തമ്മിൽതല്ല്. കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനം എടുത്ത ശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിലായിരുന്നു പ്രശ്നങ്ങൾ. കൗൺസിലിൽ അവതരിപ്പിക്കാതെ പേരു നൽകി എന്നത് മുൻപു തന്നെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതാണ് ഇന്ന് കൗൺസിൽ ഹാളിനുള്ളിലെ കയ്യാങ്കളിയിലേക്കുവരെ കലാശിച്ചത്.
പ്രതിഷേധം തണുപ്പിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും കൗൺസിലർമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും കൗൺസിൽ ഹാളിനുള്ളിലേക്ക് എത്തിയതോടെ പ്രതിഷേധം കൂടുതൽ കയ്യാങ്കളിയിലേക്കു മാറുകയായിരുന്നു. ഇതിനിടെ നഗരസഭാ അധ്യക്ഷയെ സുരക്ഷിതയാക്കി അവരുടെ ചേംബറിലേക്കു മാറ്റിയിട്ടുണ്ട്. നഗരസഭാ അധ്യക്ഷയുടെ ചേംബറിനു മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നത് തുടരുകയാണ്. സംഘർഷാവസ്ഥ അയവ് വരാതെ തുടരുന്നു.