ലഹരി മൊത്തവിൽപനക്കാരൻ യുപിയിൽ എംസിഎ വിദ്യാർഥി; കോളജിലെത്തി പിടികൂടി കുന്ദമംഗലം പൊലീസ്

Mail This Article
കോഴിക്കോട്∙ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു ലഹരി എത്തിക്കുന്ന മൊത്തവിൽപനക്കാരനായ നൈജീരിയൻ പൗരനെ പിടികൂടി കുന്ദമംഗലം പൊലീസ്. ഫ്രാൻങ്ക് ചിക്കൻസി കച്ചുകാ (32) നെയാണ് കുന്ദമംഗലം പൊലീസ് നോയിഡയിൽനിന്നു പിടികൂടിയത്.
ഫാർമസിസ്റ്റായ പ്രതി, ഗാൽ ഗോട്ടിയാസ് സർവകലാശാലയിൽ എംസിഎ വിദ്യാർഥി കൂടിയാണ്. 2025 ജനുവരി 21 ന് കുന്ദമംഗലം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലാകുന്ന പത്താമത്തെ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൊലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് ഇയാൾ പഠിക്കുന്ന കോളജിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയിൽനിന്നു നാല് മൊബൈൽ ഫോണുകളും ഏഴ് സിം കാർഡുകളും പിടിച്ചെടുത്തു.
നിയമവിരുദ്ധമായ പണം കൈകാര്യം ചെയ്യാനുപയോഗിക്കുന്നതായി സംശയിക്കുന്ന ബാങ്കുകളുടെ രണ്ട് എടിഎം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ നോയിഡയിലുള്ള വിവിധ എടിഎമ്മുകൾ വഴിയാണ് പ്രതി പണം പിൻവലിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.