ADVERTISEMENT

തേ‍ഞ്ഞിപ്പലം ∙ പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ ബാലിക മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി.സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് (6) കോഴിക്കോട് ഗവ. മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മരിച്ചു. മാർച്ച് 29നാണു സിയ അടക്കം 6 പേർക്കു പട്ടിയുടെ കടിയേറ്റത്. 2 മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. എല്ലാ ഡോസും പൂർത്തിയാക്കിയെങ്കിലും ഒരാഴ്ച മുൻപു പനി വന്നതിനെത്തുടർന്നു ചികിത്സ തേടിയ സിയയ്ക്ക് 4 ദിവസം മുൻപാണു പേവിഷബാധ സ്ഥിരീകരിച്ചത്.

29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയിൽ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിൽ വച്ചു സിയയെ പട്ടി കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി കടിയേറ്റിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പിൽപ്പീടികയിൽ 2 പേരെയും വട്ടപ്പറമ്പ്, വടക്കയിൽമാട് എന്നിവിടങ്ങളിൽ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കൽ കോളജിലെത്തി 2 മണിക്കൂറിനകം കുത്തിവയ്പെടുത്തു. അന്നു വൈകിട്ട് 6 മണിയോടെ പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.

ചികിത്സയ്ക്കു ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂർ വിശ്രമം നിർദേശിച്ചിരുന്നു. പിന്നീടു വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സിയയെ 2 ദിവസത്തിനു ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.

മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുൻപു പനി വന്നത്. തുടർന്ന് 2 ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിൾ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് 5 പേർക്കും അസ്വസ്ഥതകളൊന്നുമില്ല.

English Summary:

Rabies Death: 6-Year-Old Child Dies in Malappuram Even After Taking Anti Rabies Vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com