പട്ടിക ജാതിക്കാര്‍ക്കുളള ഭവന പദ്ധതിയില്‍ ക്രമക്കേട്; ഉദ്യോഗസ്ഥർക്കും കൗൺസിലർക്കും 8 വർഷം തടവ്

Mail This Article
തിരുവനന്തപുരം ∙ പത്തനംതിട്ട അടൂർ പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഭവനരഹിത-ഭൂരഹിത പട്ടിക ജാതിക്കാര്‍ക്കുളള ഭവന പദ്ധതിയില്‍ ഗുരുതര ക്രമക്കേട് വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെയും മുന്‍സിപ്പല്‍ കൗണ്‍സിലറിനെയും കോടതി വിവിധ വകുപ്പുകളിലായി എട്ട് വര്‍ഷം കഠിന തടവിനും 50,000 രൂപ വീതം പിഴക്കും ശിക്ഷിച്ചു. പറക്കോട് മുന്‍ പട്ടിക ജാതി വികസന ഓഫിസര്‍ ജേക്കബ് ജോണ്‍, പ്രമോട്ടര്‍ ജി.രാജേന്ദ്രന്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എസ്.ഷാജഹാന് എന്നിവരാണ് കേസിലെ പ്രതികള്‍. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ 6 മാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി.രാജ കുമാരയാണ് പ്രതികളെ ശിക്ഷിച്ചത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്താണ് ഭവനരഹിത-ഭൂരഹിത പട്ടിക ജാതിക്കാര്‍ക്ക് ഭവന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കൗണ്‍സിലര്‍ ഷാജഹാന് 40 ഗുണഭോക്താക്കള്‍ക്ക് എന്ന പേരില്‍ 123 സെന്റ് സ്ഥലം കണ്ടെത്തി. പ്രത്യേകിച്ച വഴി സൗകര്യമോ വീട് വയ്ക്കാന്‍ അനുയോജ്യമോ അല്ലാത്ത വെളളക്കെട്ടുളള സ്ഥലമാണ് കണ്ടെത്തിയത്. ഇതിനു ഷാജഹാന് നാല് വസ്തു ഉടമകള്‍ക്ക് 22,09,000 രൂപ നല്കി. പഞ്ചായത്തില്‍ നിന്ന് 35,55,000 അനുവദിച്ച് എടുക്കുകയും ചെയ്തു. ഇതിനു പുറമെ ഗുണഭോക്താക്കളില്‍നിന്ന് റജിസ്ട്രേഷന് ഫീസ് ഇനത്തില്‍ 88,810 രൂപയും ശേഖരിച്ചു. ഭൂമിയുടെ വിലയിനത്തില്‍ 13,46,000 രൂപയാണ് തട്ടിയെടുത്തത്. രാജേന്ദ്രന്റെയും ജേക്കബ് ജോണിന്റെയും സഹായത്താലാണ് ഷാജഹാന് ഇത്രയധികം പണം തട്ടിയെടുത്തതെന്ന് കോടതി കണ്ടെത്തി.