പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവിന്റെ ആത്മഹത്യ; സിബിഐ അന്വേഷണത്തിന് ശുപാർശ

Mail This Article
കൽപറ്റ ∙ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത ആദിവാസി യുവാവ് ഗോകുൽ, കൽപറ്റ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവി ശുപാർശ നൽകിയത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂര്‍ ജയ്സിങ്ങിന് ആഭ്യന്തരവകുപ്പ് നൽകിയ വിവരവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ഉന്നതിയിലെ ഗോകുലിനെയാണ് പൊലീസ് കസ്റ്റഡയിലിരിക്കെ കൽപറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺസുഹൃത്തിനൊപ്പം കാണാതായ ഗോകുലിനെ മാർച്ച് 31ന് കസ്റ്റഡിയിലെടുത്ത് രാത്രി 11 മണിയോടെ കൽപറ്റ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിറ്റേന്നു രാവിലെ ധരിച്ചിരുന്ന ഷർട്ടിൽ ശുചിമുറിയിൽ തൂങ്ങിയ നിൽക്കുന്നതായി കണ്ടെത്തി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.