‘ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം; കേന്ദ്ര സർക്കാർ തക്ക മറുപടി നൽകണം’

Mail This Article
തിരുവനന്തപുരം∙ കശ്മീരില്‍ നിരപരാധികളുടെ ജീവനെടുക്കുകയും രാജ്യസുരക്ഷ അപകടപ്പെടുത്തുകയും ചെയ്ത ഭീകരവാദ പ്രവര്‍ത്തനത്തിനു തക്ക മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാത്തരം ഭീകരവാദപ്രവർത്തനത്തിന് എതിരെയും ശക്തമായ പ്രതിരോധം ഉയര്‍ത്താനും സാഹോദര്യത്തിനും മാനവികതയ്ക്കുമായി നിലകൊളളാനും നമുക്കു സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി നേർന്നു. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വിമോചനത്തിനു വേണ്ടിയാണ് മാര്‍പാപ്പ പ്രവര്‍ത്തിച്ചതെന്നും പിണറായി പറഞ്ഞു.
ലഹരിവിരുദ്ധ പ്രചാരണങ്ങളുടെ മുന്നൊരുക്കം നടക്കുകയാണെന്നും ജൂണ്‍ 26 ലഹരിവിരുദ്ധ ദിനത്തില്‍ പരിപാടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ പരിസരം നിരീക്ഷിക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കും. ലഹരിമാഫിയയെ സംബന്ധിച്ച് വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോയാല്‍ അതിനു ഉത്തരവാദിയായ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി കാര്യത്തിലെ നടപടികള്‍ക്കു പിന്നാക്കവും മുന്നാക്കവും എന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുലിനഖം പോലുള്ള പ്രശ്‌നങ്ങള്‍ അവധാനപൂര്‍വം കൈകാര്യം ചെയ്യുകയാണു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുലിപ്പല്ല് വിഷയത്തില്‍ മുന്‍പ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കിട്ടിയ പരിഗണന വേടന് കിട്ടിയില്ലെന്നും പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ആളായതുകൊണ്ടാണു നീതി നിഷേധിക്കപ്പെടുന്നതെന്നും പ്രചാരണമുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയപാത പദ്ധതികളുടെ നിര്‍മാണ വസ്തുക്കുടെ ജിഎസ്ടിയിലെ സംസ്ഥാനവിഹിതവും റോയല്‍റ്റിയും ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. യൂണിഫോംഡ് ഫോഴ്‌സിലെ തസ്തികകളിലേക്കുള്ള നിയമനത്തിന് ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാന്‍ അതത് വകുപ്പുകളുടെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.