ADVERTISEMENT

കോട്ടയം∙ അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ യുവതിയെയും മക്കളെയും മീനച്ചിലാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിസ്മോൾ തോമസ് (ജെസി – 34), മക്കളായ നേഹ ആൻ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവർ മരിച്ച സംഭവത്തിലാണ് ജിസ്മോളുടെ ഭർത്താവ് ജിമ്മി, ജിമ്മിയുടെ പിതാവ് ജോസഫ് എന്നിവരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തതത്. മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയുന്നതിനായി ഇരുവരെയും രാവിലെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. 

ഈ മാസം 15നാണ് ജിസ്മോളെയും മക്കളെയും മീനച്ചിലാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും ഹൈക്കോടതിയിലെ അഭിഭാഷകയുമാണു ജിസ്മോൾ. മക്കളെയും കൂട്ടി ജിസ്മോൾ ആറ്റിൽച്ചാടി ജീവനൊടുക്കുകയായിരുന്നു. സ്കൂട്ടറിൽ മക്കളോടൊപ്പം എത്തിയ ജിസ്മോൾ, സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട ശേഷം ആറുമാനൂർ പള്ളിക്കുന്നുകടവിൽനിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ആഴവും ഒഴുക്കുമുള്ള അപകടമേഖലയാണ് ഇവിടം. 50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുഞ്ഞുങ്ങളെ കരയിലേക്കെത്തിച്ചത്. ആറിന്റെ മറുകരയിൽ നിന്നു ജിസ്മോളെയും കണ്ടെത്തി. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ജിസ്മോളുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ആരോപണം ഉയർന്നിരുന്നു. ജിസ്മോളെ ഭര്‍ത്താവ് ജിമ്മി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും കടുത്ത ശാരീരിക മാനസിക പീഡനത്തിനൊടുവിലാണ് മക്കള്‍ക്കൊപ്പം പുഴയില്‍ച്ചാടി ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു.

ജിമ്മിയുടെ അമ്മയും സഹോദരിയും വീട്ടിൽ കടുത്ത മാനസിക പീഡനം നടത്തിയിരുന്നതായും പിതാവ് പി.കെ.തോമസ് പറഞ്ഞു. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള ജിമ്മിയുടെ വീട്ടിൽ ജിസ്‌മോളുടെ അത്യാവശ്യങ്ങൾക്ക് പോലും പണം നൽകിയിരുന്നില്ല. മരിക്കുന്നതിന് മുൻപ് വീട്ടിൽ നടന്ന പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രകോപനം. ഈ പ്രശ്നങ്ങൾ എന്താണെന്ന് പൊലീസ് അന്വേഷിക്കണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം.

English Summary:

Jismol Thomas Death Case: Police Arrested her husband and father-in-law, with the family alleging years of physical and mental abuse leading to the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com