ADVERTISEMENT

തൃശൂർ∙ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ 2023 ഫെബ്രുവരി 27ന് വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിചേർത്ത മരുമകളുടെ സഹോദരി കാലടി മറ്റൂർ വരയിലാൻ ലിവിയയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പൊലീസ്. സംഭവത്തിനു പിന്നാലെ ലിവിയ ദുബായിലേക്ക് കടന്നിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയാണ് പൊലീസിന്റെ നീക്കം. ബെംഗളൂരുവിൽ ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാർഥിനിയായിരുന്ന ലിവിയ, അവിടെയുണ്ടായിരുന്ന ആഫ്രിക്കക്കാരിൽനിന്നാണ്  ലഹരി സ്റ്റാംപ് വാങ്ങിയതെന്ന് അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.കെ.രാജു മനോരമ ഓൺലൈനോട് പറഞ്ഞു.

ലിവിയയുടെ നിർദേശപ്രകാരമാണു പ്രവർത്തിച്ചതെന്നു ഒന്നാം പ്രതി നാരായണദാസ് മൊഴിനൽകി. ഷീലയുടെ സ്കൂട്ടറിൽ ലഹരി സ്റ്റാംപ് ഉണ്ടെന്ന വിവരം താനാണ് എക്സൈസിനെ വിളിച്ചറിയിച്ചതെന്നും നാരായണദാസ് സമ്മതിച്ചു. അറസ്റ്റിലായ ഒന്നാംപ്രതി നാരായണദാസിനെ (55) റിമാൻഡ് ചെയ്തു.  തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസിനെ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മനഹളളി എന്ന സ്ഥലത്തുനിന്നാണു പൊലീസ് പിടികൂടിയത്.  കൂടുതൽ ചോദ്യം ചെയ്യാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. 

ഷീല സണ്ണിയുമായി പരിചയം പോലുമില്ലെന്നും മുൻപൊരിക്കലും കണ്ടിട്ടില്ലെന്നും നാരായണദാസ് മൊഴിനൽകി. കേസിൽ ഷീലയുടെ മകൻ സംഗീതിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. സംഗീതിനോടു ചോദ്യംചെയ്യലിനു ഹാജരാകാൻ പലവട്ടം നിർദേശം നൽകിയെങ്കിലും എത്തിയിരുന്നില്ല. മരുമകളുടെ സ്വർണം പണയംവച്ചതുമായി ബന്ധപ്പെട്ടു ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നെന്നാണു സൂചന. 

കടങ്ങൾ വീട്ടാൻ വേണ്ടി ഷീല സണ്ണി ഇറ്റലിയിലേക്കു പോകാൻ ശ്രമം നടത്തിയപ്പോൾ, സ്വർണത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാതെയാണു പോകുന്നതെന്നു മരുമകളുടെ വീട്ടുകാർക്കു പരാതി ഉണ്ടായിരുന്നു. തനിക്കുകൂടി അവകാശപ്പെട്ട സ്വത്ത് നഷ്ടമാകുന്നെന്ന ലിവിയയുടെ ചിന്തയാണു വൈരാഗ്യത്തിനു കാരണമെന്നും പൊലീസിനു സൂചന ലഭിച്ചു. ഷീലയുടെ യാത്ര മുടക്കാൻ ലഹരിക്കേസ് ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നു.

English Summary:

Chalakkudy Fake Drug Case: Liviya's extradition is crucial to the ongoing investigation of the false drug case against Sheela Sunny in Chalakudy. The case unravels a complex web of family disputes and deceit, highlighting the lengths some will go to settle personal scores.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com