തിരുവനന്തപുരം ∙ വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമാണ്. സാഹചര്യങ്ങള്‍ തിരുത്തി വേടൻ തിരിച്ചുവരേണ്ടതുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നു വിശദീകരണം തേടുമെന്നും ശശീന്ദ്രൻ പറഞ്ഞു. 

‘‘വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വിഷയം സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വനംമന്ത്രി എന്ന നിലയില്‍ എന്നോട് ചില മാധ്യമങ്ങള്‍ ചോദിച്ചതില്‍ നിയമവശങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും വനം മന്ത്രിയും ഈ കേസില്‍ ചെയ്യുന്നുവെന്ന നിലയില്‍ ചില മാധ്യമങ്ങളും സാമൂഹ മാധ്യമങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചു. വനം വകുപ്പിനും സര്‍ക്കാരിനുമെതിരെ ഈ പ്രശ്നം ഏതു വിധത്തില്‍ തിരിച്ചുവിടാമെന്ന് ചില ഭാഗത്ത്നിന്നു ശ്രമങ്ങള്‍ ഉണ്ടായി. കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. കേസിനെ പെരുപ്പിച്ചു കാണിക്കാനിടയായ പ്രതികരണം നടത്തിയതിനു കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആരായാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’’ – ശശീന്ദ്രൻ പറഞ്ഞു. 

രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടന്‍. അറസ്റ്റിന് ഇടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അയാള്‍ തിരിച്ചുവരണം. സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പ് വേടന്റെ ഒപ്പമുണ്ടാകും. ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെ. വേടന്റെ ശക്തിയാര്‍ന്ന മടങ്ങിവരവിന് ആശംസിക്കുന്നുവെന്നും ശശീന്ദ്രൻ പറഞ്ഞു.

English Summary:

Minister AK Saseendran Condemns Vedan's Arrest: Vedan's arrest is an unfortunate situation that needs rectifying, according to Minister A.K. Saseendran. He supports Vedan, a talented artist with strong political views, and will seek explanations from Forest Department officials regarding their handling of the case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com