‘മനഃപ്പൂർവം തെറ്റ് ചെയ്തിട്ടില്ല’; പുലിപ്പല്ല് കേസിൽ വേടന് ജാമ്യം

Mail This Article
കൊച്ചി∙ പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടന് (ഹിരൺ ദാസ് മുരളി) ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു വേടന് ജാമ്യം അനുവദിച്ചത്. മനഃപ്പൂർവം തെറ്റ് ചെയ്തിട്ടില്ലെന്നു വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളിയാണു കോടതി ജാമ്യം അനുവദിച്ചത്.
പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ വംശജനെന്നു വേടൻ നേരത്തേ പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയിൽ മാലയിൽ നിന്നു കണ്ടെത്തിയ പുലിപ്പല്ല് യഥാർഥമാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, ഇതിൽ കൂടുതൽ വ്യക്തത വരുത്താനായി പല്ല് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുള്ള കാത്തിരിപ്പിലാണു വനംവകുപ്പ്.
പുലിപ്പല്ല് ശരിക്കുള്ളതാണോ എന്നു തനിക്ക് വ്യക്തമല്ലെന്നും ആരാധകൻ സമ്മാനിച്ചതാണെന്നുമാണു വേടൻ പറഞ്ഞത്. രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കാലാവധി പൂർത്തിയായതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.