‘ബിജെപിയും സിപിഎമ്മും ഒന്നിച്ചാണ് നാലാം വാർഷികം ആഘോഷിക്കുന്നതെങ്കിൽ അത് നടക്കട്ടെ; പരിഭവവും പരാതിയുമില്ല’

Mail This Article
കോട്ടയം ∙ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷത്തെ ക്ഷണിച്ചില്ലെന്നും സർക്കാരിന്റെ തീരുമാനത്തിൽ പരിഭവവും പരാതിയുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘വിഴിഞ്ഞത്ത് ആദ്യം കപ്പൽ അടുത്തപ്പോൾ ക്ഷണിച്ചിരുന്നു. അതു കഴിഞ്ഞ് നടത്തിയ പരിപാടിയിലേക്കും ഇപ്പോഴത്തെ പരിപാടിയിലേക്കും ക്ഷണിച്ചിട്ടില്ല. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായ പരിപാടിയാണെന്നും സർക്കാരിന്റെ വാർഷികവുമായി പ്രതിപക്ഷം സഹകരിക്കാത്തതു കൊണ്ടാണ് വിളിക്കാതിരുന്നതെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കിൽ സിപിഎമ്മും ബിജെപിയും ചേർന്നാണോ സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുന്നത്. പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലേക്കു വരുന്നതെന്ന് ബിജെപി പറയട്ടെ. ബിജെപിയും സിപിഎമ്മും ഒന്നിച്ചാണ് നാലാം വാർഷികം ആഘോഷിക്കുന്നതെങ്കിൽ അത് നടക്കട്ടെ’’ – വി.ഡി.സതീശൻ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘‘ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിക്കുമ്പോൾ 6,000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നും കടൽക്കൊള്ളയാണെന്നും പ്രഖ്യാപിച്ച ആളാണ് പിണറായി വിജയൻ. എന്നാലിപ്പോൾ പദ്ധതി യാഥാർഥ്യമാകുമ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ ഓർമപ്പെടുത്തുന്നു. 2019ൽ പൂർത്തിയാകേണ്ട ഈ പദ്ധതി ഇപ്പോൾ സ്വാഭാവികമായും പൂർത്തിയായതാണ്. കരാർ അനുസരിച്ചുള്ള റോഡ്, റെയിൽ കണക്ടിവിറ്റികൾ ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്യേണ്ട ഒരു കാര്യങ്ങളും ചെയ്യാത്തവരാണു പദ്ധതി പൂർത്തിയായപ്പോൾ അതു കൊണ്ടുവന്ന ആളുകളെ വിസ്മരിച്ച് അവിടെ പോയി നിന്നു പടം എടുത്ത് ക്രെഡിറ്റ് ഏറ്റെടുക്കുന്നത്. അതു വിശ്വസിക്കാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ലെന്നു മാത്രമാണ് മുഖ്യമന്ത്രിയെ ഓർമിപ്പിക്കാനുള്ളത്’’. – സതീശൻ പറഞ്ഞു.