ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ 41കാരന് 47 വർഷം കഠിന തടവ്

Mail This Article
തിരുവനന്തപുരം∙ ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുവായ പ്രതി രാജീവിനെ (41) 47 വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണം. 2020 സെപ്റ്റംബര്‍ 25ന് രാവിലെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ വീട്ടിലേക്ക് എത്തിയ കുട്ടിയുടെ ചേച്ചി സംഭവം കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
ഇരുകുട്ടികളുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസ് അറിയിച്ചത്. മുറിയില്‍നിന്ന കുട്ടിയെ പ്രതി അടുക്കളഭാഗത്തേക്കു വലിച്ചുകൊണ്ടുപോയി മര്‍ദിച്ച ശേഷം പീഡിപ്പിച്ചെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. മുന്‍പും ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവെങ്കിലും ഭീഷണിപ്പെടുത്തിയതിനാല്‍ ഭയന്ന് വിവരം പുറത്തു പറയാതിരിക്കുകയായിരുന്നു.
രോഗബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. െനടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥരായ സുനില്‍ ഗോപി, വി.രാജേഷ് കുമാര്‍, പി.എസ്.വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.