‘നാടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്, എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ആഗ്രഹം; ഇന്ന് റീൽസ് ഒന്നുമില്ല’

Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി എല്ലാം സൂചിപ്പിച്ച് കഴിഞ്ഞല്ലോയെന്ന് വിസിൽ എംഡി ദിവ്യ എസ്. അയ്യർ. നാടിനാണു വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്. എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ഒരു ആഗ്രഹമുണ്ട്. ഈ കാലഘട്ടത്തിലാണ് ഇത് നിർമിച്ചത് എന്നാകും ചരിത്രത്തിൽ രേഖപ്പെടുത്തുക. ഇന്ന് റീൽസൊന്നും ഉണ്ടാകില്ല. ഇപ്രാവശ്യം അവതാരകയല്ല. സംഘാടനത്തിൽ ഒരുപാട് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്നും ദിവ്യ എസ്. അയ്യർ പറഞ്ഞു.
ആവേശവും ആഹ്ലാദവും ഒരേതോതിലാണ്. ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നതിൽ സന്തോഷവും അതിലൊരു ഭാഗമാകാനായതിൽ അഭിമാനവുമുണ്ട്. വിസിൽ എംഡിയായി ചാർജ് എടുത്തദിവസം തന്നെ ‘പോർട്സ് ഓഫ് ഏൻഷ്യന്റ് ഇന്ത്യൻ ഓഷ്യൻ’ എന്ന പുസ്തകമാണ് വാങ്ങിയത്. തുറമുഖങ്ങളുടെ ചരിത്രം പഠിച്ചു. സഹപ്രവർത്തകരുടെയും സർക്കാരിന്റെയും സഹകരണത്തോടെ ഓരോ പ്രശ്നങ്ങൾക്കും സമചിത്തതയോടെ പരിഹാരം കണ്ടെത്തി. പ്രശ്നങ്ങളെ ഒഴിവാക്കിയിട്ടില്ല. പ്രശ്നങ്ങളെയും കൊണ്ടുള്ള യാത്രയാണ് ഇതെന്നും ദിവ്യ പറഞ്ഞു.