‘ഹൗസ് അറസ്റ്റ്’ റിയാലിറ്റി ഷോയിലെ അശ്ലീല ഉള്ളടക്കം: നടൻ അജാസ് ഖാനെതിരെ കേസ്, ഷോ പിൻവലിച്ച് ‘ഉല്ലു’ ആപ്

Mail This Article
മുംബൈ∙ അശ്ലീല ഉള്ളടക്കത്തെ ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് ‘ഹൗസ് അറസ്റ്റ്’ റിയാലിറ്റി ഷോയുടെ നിർമാതാവിനും അവതാരകൻ നടൻ അജാസ് ഖാനുമെതിരെ കേസ്. ‘ഉല്ലു ആപ്’ എന്ന ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്ത റിയാലിറ്റി ഷോയ്ക്കിടെ മത്സരാർഥികളോട് കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനുകൾ കാണിക്കാൻ അജാസ് ഖാൻ ആവശ്യപ്പെട്ടതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് നടപടി.
ബജ്റംഗ് ദൾ പ്രവർത്തകന്റെ പരാതിയിൽ മുംബൈ അംബോളി പൊലീസാണ് അജാസ് ഖാനും റിയാലിറ്റി ഷോയുടെ നിർമാതാവ് രാജ്കുമാർ പാണ്ഡെയ്ക്കുമെതിരെ കേസെടുത്തത്. സ്ത്രീകളെ മോശമായി ചിത്രീകരിച്ചു, പൊതുസ്ഥലത്ത് സഭ്യമല്ലാത്ത രീതിയിൽ പെരുമാറി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
വിവാദത്തെത്തുടർന്ന് ഷോയുടെ അവതാരകനായ നടൻ അജാസ് ഖാൻ, ഷോ പ്രക്ഷേപണം ചെയ്ത ‘ഉല്ലു’ സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ സിഇഒ വിദ്യ അഗർവാൾ എന്നിവർക്ക് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചു. ഈ മാസം 9നകം കമ്മിഷനു മുൻപിൽ ഹാജരാകാനാണ് നിർദേശം.
മാന്യതയ്ക്ക് ചേരാത്ത വിധം അഭിനയിക്കാൻ റിയാലിറ്റി ഷോയിലെ വനിതാ മത്സരാർഥികളെ അജാസ് ഖാൻ പ്രേരിപ്പിക്കുന്ന വിഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.
വിഡിയോ വിവാദമായതോടെ അഡൽട്ട് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഉല്ലുവിൽനിന്ന് റിയാലിറ്റി ഷോയുടെ എപ്പിസോഡുകൾ നീക്കി. കഴിഞ്ഞ മാസം 11 മുതലാണ് ഇത് പ്രക്ഷേപണം ചെയ്തു തുടങ്ങിയത്.