ആയുധ നിര്‍മാണശാലകളിലെ ജീവനക്കാരുടെ ദീർഘകാല അവധികൾ റദ്ദാക്കി; 2 മാസത്തേക്ക് നിയന്ത്രണം

Mail This Article
ന്യൂഡൽഹി ∙ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിനു (എംഐഎൽ) കീഴിലെ പന്ത്രണ്ട് ആയുധ നിര്‍മാണശാലകളിലെ ജീവനക്കാരുടെ ദീർഘകാല അവധികൾ റദ്ദാക്കി. ഉദ്യോഗസ്ഥരുടെ രണ്ടു ദിവസത്തിലധികം വരുന്ന അവധിയാണ് റദ്ദാക്കിയത്. ദീർഘകാല അവധികൾ അനുവദിക്കില്ല. രണ്ടു മാസത്തേക്കാണ് ഈ നിയന്ത്രണമെന്നാണ് വിവരം.
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കും പിന്നാലെയാണ് നീക്കം. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തത്തിലല്ല, മറിച്ച്, ഉത്പാദന ലക്ഷ്യം കൈവരിക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് എംഐഎൽ അറിയിച്ചിരിക്കുന്നത്. ഏപ്രിലിലെ ഉത്പാദനം വിചാരിച്ചപോലെ നടക്കാത്തതിന്റെ കുറവു നികത്താനും വരും സാമ്പത്തിക വർഷത്തില്‍ പൂർത്തീകരിക്കേണ്ട ലക്ഷ്യം വലുതായതിനാലുമാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് വിശദീകരണം. ആഗോള കയറ്റുമതി ഓർഡറുകളുടെ സമ്മർദവുമുണ്ട്.
പഹൽഗാമിലെ സംഭവം ജീവനക്കാര്‍ക്കിടയിൽ ജാഗ്രതയുണർത്തിയിട്ടുണ്ടെന്ന് എംഐഎൽ പറഞ്ഞു. ആയുധ ഉൽപാദനം വേഗത്തിലാക്കാൻ അടിയന്തര സാഹചര്യമുണ്ടെങ്കിൽ അതു ചെയ്യാൻ കഴിയണമെന്ന് മനസിലാക്കുന്നുണ്ട്. പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ, ഐഎഎഫ് ബോംബുകൾ, ആർമർ-പിയേഴ്‌സിങ് ടാങ്ക് ആയുധങ്ങൾ, മോർട്ടാർ ബോംബുകൾ, ഹാൻഡ് ഗ്രനേഡുകൾ തുടങ്ങിയവ നിർമിക്കുന്ന യൂണിറ്റുകളാണ് എംഐഎലിനു കീഴിലുള്ളത്.