ADVERTISEMENT

കൊച്ചി∙ എറണാകുളത്ത് നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളനം വിഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആരോഗ്യപ്രശ്നങ്ങളും അപ്രതീക്ഷിത തിരക്കുകളും സംഭവിച്ചതിനാലാണ് സമ്മേളനത്തിലേക്ക് എത്തിച്ചേരാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

സമ്മേളനത്തിലേക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിക്കാത്തതിൽ എതിർപ്പ് ഉയർന്നതിനെ തുടർന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്തേക്കില്ല എന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. തുടർന്നു നടന്ന ഒത്തുതീർപ്പു ചർച്ചകൾക്കു ശേഷമാണ് വിഡിയോ സന്ദേശത്തിലൂടെ പങ്കെടുക്കാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ തീരുമാനിച്ചത് എന്നറിയുന്നു. സുന്നി മതപണ്ഡിതരുടെ ജംഉയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പരിസരത്ത് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.

തന്റെ അസൗകര്യം പ്രമാണിച്ചാണ് ഈ മാസം 3ന് നടത്താനിരുന്ന സമ്മേളനം നാലിലേക്കു മാറ്റിയതെന്നും സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് താൻ അറിയിച്ചിരുന്നതായും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലുള്ള തുടർച്ചയായ യാത്രകൾ മൂലം പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അക്കാര്യം സംഘാടകരെ അറിയിച്ചിരുന്നില്ല. പങ്കെടുക്കാൻ തന്നെയായിരുന്നു തീരുമാനം. ഇതനുസരിച്ച് യാത്രാ ടിക്കറ്റ് അടക്കമുള്ള കാര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു മരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത ശേഷം ട്രെയിൻ പുറപ്പെടുന്നതിനു മുന്മ്ൻപ് എത്താൻ സാധിച്ചില്ലെന്നും അതിന്റെ വിഷമം അറിയിക്കുകയാണെന്നും മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.

നേരത്തെ, മതപണ്ഡിതരുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പരിപാടി നടക്കേണ്ടത് എന്നതിനാലാണ് രാഷ്ട്രീയക്കാരെ പരിപാടിയിലേക്കു ക്ഷണിക്കാതിരുന്നതെന്ന് കേരള മുസ്‍ലിം ജമാഅത്തിന്റെ എറണാകുളം പ്രസിഡന്‍റും കോഓർഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനറുമായ വി.എച്ച്.അലി ദാരിമി സ്വാഗത പ്രസംഗത്തിൽ വ്യക്തമാക്കി. സമസ്ത ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സ്വാഗതസംഘം ചെയർമാനുമായ ഐ.ബി.ഉസ്മാൻ ഫൈസി അധ്യക്ഷനായിരുന്നു.   

പാണക്കാട് തങ്ങളെ സമ്മേളനത്തിന് ക്ഷണിക്കാത്തതിൽ സമസ്തയിലെ മുസ്‍ലിം ലീഗ് അനുകൂല വിഭാഗത്തിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇടപെട്ടിരുന്നു. പരസ്യമായ തർക്കത്തിലേക്ക് കാര്യങ്ങൾ പോകരുതെന്ന് വി.ഡി.സതീശൻ ജിഫ്രി തങ്ങളോട് അഭ്യർത്ഥിച്ചതായാണ് വിവരം. കേരള മുസ്‍ലിം ജമാഅത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി അടക്കമുള്ള മതപണ്ഡിതർ സമ്മേളനത്തിൽ പങ്കെടുത്തു. പെഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായപ്പോൾ പണ്ഡിതസഭ ഒന്നടങ്കമാണ് ഇതിനെതിരെ രംഗത്തു വന്നതെന്ന് വി.എച്ച്.അലി ദാരിമി ചൂണ്ടിക്കാട്ടി.

English Summary:

Kerala's Waqf Protection Conference: Jifri Muthukoya Thangal inaugurated Waqf Protection Conference throug video message.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com