പൂരം തടസപ്പെട്ടപ്പോൾ പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല, മോശം ഇടപെടലുണ്ടായി: അജിത് കുമാറിനെതിരെ മന്ത്രി രാജന്റെ മൊഴി

Mail This Article
തൃശൂർ ∙ തൃശൂർ പൂരം കലക്കലില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ മന്ത്രി കെ. രാജന്റെ മൊഴി. പൂരം തടസപ്പെട്ട സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും എം.ആര്‍. അജിത് കുമാറിനെ കിട്ടിയില്ല. പ്രശ്‌ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ല. പൂര ദിവസം രാവിലെ മുതൽ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നു മോശം ഇടപെടലുണ്ടായെന്നും മന്ത്രി മൊഴി നൽകി. പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിനാണ് മന്ത്രി മൊഴി നല്‍കിയത്.
ഔദ്യോഗിക നമ്പറിലും പഴ്‌സനല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് മന്ത്രി മൊഴിയിൽ പറയുന്നത്. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ മൊഴി അടുത്തയാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തും.
മൊഴി വിവാദമാക്കേണ്ട കാര്യമില്ലെന്നും അജിത് കുമാർ ഫോൺ എടുത്തില്ലെന്ന വിവരം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി രാജൻ പ്രതികരിച്ചു. ഒരു വിവാദവും ഇല്ലാതെ ഇത്തവണത്തെ പൂരം അതിഗംഭീരമായി നടത്തുമെന്നും രാജൻ പറഞ്ഞു. സംഭവത്തിൽ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.